ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗൂഢ നീക്കങ്ങൾ അവസാനിപ്പിക്കണം: കെസിബിസി ഹെൽത്ത് കമ്മീഷൻ
കൊച്ചി : വിദ്യാഭ്യാസ – ആതുര ശുശ്രൂഷ മേഖലകൾക്ക് കേരളത്തിൽ അടിത്തറയിട്ടത് ക്രൈസ്തവ സമൂഹങ്ങളാണെന്നും ഏവരും മനസ്സിലാക്കിയിട്ടുള്ള വസ്തുതകളാണ്. ആതുരശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസരംഗത്തും കേരളകത്തോലിക്കാ സഭ നടത്തിയിരിക്കുന്നതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതുമായ സേവനങ്ങൾ സമാനതകളില്ലാത്തതാണെന്നും സമീപകാലങ്ങളിലായി ചില തൽപരകക്ഷികളുടെ നേതൃത്വത്തിൽ ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗൂഢ നീക്കങ്ങളും അവഹേളന ശ്രമങ്ങളും പ്രകടമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കെസിബിസി ഹെൽത്ത് കമ്മീഷൻ.
ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തിൽ കെസിബിസി ഹെൽത്ത് കമ്മീഷനും ഹോസ്പിറ്റൽസ് അസോസിയേഷനും കെസിബിസി ജാഗ്രതാ കമ്മീഷനും ക്രൈസ്തവ നഴ്‌സിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു.
സർക്കാരിന്റെ മാനദണ്ഡങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കെസിബിസി ഹെൽത്ത് കമ്മീഷൻ വേണ്ട നിർദ്ദേശങ്ങളും തിരുത്തലുകളും നൽകിവരുന്നുണ്ട്. കേരളത്തിലെ ഭാവിപൗരന്മാരുടെ സുരക്ഷിതത്വവും സമഗ്ര വളർച്ചയും മുൻനിർത്തി തൽപരകക്ഷികളുടെ ഇടപെടലുകളിൽനിന്നും നിക്ഷിപ്ത താല്പര്യങ്ങളിൽനിന്നും ആതുര-വിദ്യാഭ്യാസ മേഖലയെ വിമുക്തമാക്കാൻ കേരളത്തിലെ പൊതുസമൂഹം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളിൽ കേരളകത്തോലിക്കാ സഭ ബദ്ധശ്രദ്ധമാണെന്ന് ഒരിക്കൽക്കൂടി പ്രസ്താവിക്കുകയാണെന്നും കെസിബിസി ഹെൽത്ത് കമ്മീഷൻ പ്രസ്താവിച്ചു.