Official Website

ഡോ. എസ് സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാൻ.

0 409

ബെംഗളൂരു: ഡോ. കെ ശിവൻ്റെ പിൻഗാമിയായി മലയാളിയായ ഡോ. എസ് സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാൻ. ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ്. ഇന്ത്യൻ എയ്‌റോസ്‌പേസ് എൻജിനീയറും റോക്കറ്റ് ടെക്‌നോളജിസ്റ്റുമാണ് അദ്ദേഹം. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസ്സമായ ക്രയോജനിക്‌ എൻജിനിലെ തകരാർ പരിഹരിച്ചത്‌ മെക്കാനിക്കൽ എൻജിനീയറിംഗ് വിദഗ്‌ധനും മലയാളിയുമായ ഡോ. സോമനാഥാണ്‌. നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്റർ ഡയറക്‌ടറാണ്‌.

ബഹിരാകാശ സംരംഭങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുകയെന്ന സുപ്രധാന ഉത്തരവാദിത്വമാണ് പദവിയെന്ന് സോമനാഥ് പ്രതികരിച്ചു. ശാസ്ത്ര വകുപ്പ്, ഐ എസ് ആര്‍ ഒ, ഇന്‍- സ്‌പേസ്, വ്യവസായ- സംരംഭകത്വ മേഖല എന്നിവയെല്ലാം, വന്‍തോതില്‍ ബഹിരാകാശ പദ്ധതികള്‍ വിപുലമാക്കേണ്ടതിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ടി കെ എം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബി ടെക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് സ്വര്‍ണമെഡലോടെ എയറോസ്‌പേസ് എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടി. 1985ലാണ് വി എസ് എസ് സിയില്‍ ചേര്‍ന്നത്. പി എസ് എല്‍ വിയുടെ പ്രാരംഭഘട്ട സംഘത്തില്‍ അംഗമായാണ് തുടക്കം.

റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ സോമനാഥിനെ തിരഞ്ഞെടുക്കാന്‍ കാരണം. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്‌ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ എസ് ആർ ഒ യുടെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എൻജിനീയറിംഗ്, സ്ട്രക്ചറൽ ഡിസൈൻ, സ്ട്രക്ചറൽ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. എം ജി കെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍.

Comments
Loading...
%d bloggers like this: