Ultimate magazine theme for WordPress.

ഡോ. ഏഴംകുളം സാംകുട്ടി – സാഹിത്യ ലോകത്ത് പെന്തക്കോസ്തിന് മേൽവിലാസം നൽകിയ എഴുത്തുകാരൻ : ഗ്ലോബൽ മീഡിയ അസോസിയേഷൻ

കോട്ടയം : മലങ്കരയിലെ പെന്തക്കോസ്ത് സമൂഹത്തിന്റെ ഹൃദയതുടിപ്പുകൾ ആഴത്തിൽ തിരിച്ചറിഞ്ഞ് അതിനെ ജനഹൃദയങ്ങളിലേക്ക് പകർത്തിയ എഴുത്തുകാരനെയാണ് ഡോ. ഏഴംകുളം സാംകുട്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ലോകമെമ്പാടുമുള്ള മലയാളി പെന്തക്കോസ്ത്
മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

അസോസിയേഷൻ പ്രസിഡണ്ട് പാസ്റ്റർ പി.ജി. മാത്യൂസും ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിലും പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം അറിയിച്ചത്.

സാഹിത്യലോകത്ത് അപ്രസക്തരായി കണക്കാക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന് മേൽവിലാസം സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഡോ. ഏഴംകുളം സാംകുട്ടി. ഗ്രന്ഥകാരൻ, പ്രഭാഷകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്.
ശക്തമായ പ്രമേയങ്ങൾ, ലളിതസുന്ദരമായ അവതരണം, ഹൃദയത്തെ സ്പർശിക്കുന്ന കഥാകഥന ശൈലി എന്നിവയിലൂടെ അദ്ദേഹം വായനക്കാരുടെ മനസ്സിൽ വേറിട്ട സ്ഥാനം നേടി. നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ചർച്ചചെയ്യപ്പെടുന്ന ‘പാളം തെറ്റിയ തീവണ്ടി’ എന്ന ഒറ്റകൃതി മതി ഡോ. ഏഴംകുളം സാംകുട്ടി എന്ന എഴുത്തുകാരനെ ഹൃദയത്തോട് ചേർത്ത് അടയാളപ്പെടുത്താൻ. ആ കൃതി പൊതുസമൂഹത്തിൽ ചെലുത്തിയ സ്വാധീനം അത്രമേൽ ആഴമുള്ളതും വ്യാപകവുമാണ്.

ക്രൈസ്തവ സാഹിത്യ സൃഷ്ടികൾ അച്ചടിച്ച് വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഡോ. ഏഴംകുളം സാംകുട്ടി കാട്ടിയ ആത്മാർഥതയും ആവേശവും പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്നും ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ അഭിപ്രായപ്പെട്ടു.

Sharjah city AG

Comments are closed.