Ultimate magazine theme for WordPress.

വീടുകളിൽ മരുന്ന് എത്തിക്കാൻ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവർത്തകരുടേയും പാലിയേറ്റീവ് കെയർ പ്രവർത്തകരുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളിൽ മരുന്നുകൾ എത്തിച്ചു നൽകുന്നത്.

സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകൾ വീട്ടിൽ എത്തിച്ച് നൽകാനുള്ള പദ്ധതി ഊർജ്ജിതമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കും. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോൾ ഉണ്ടാകുന്ന സമ്പർക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാവിഷ്‌ക്കരിച്ചത്.

ഈ വിഭാഗക്കാർ ഇടയ്ക്കിടയ്ക്ക് മരുന്നു വാങ്ങാൻ യാത്ര ചെയ്ത് ആശുപത്രികളിൽ എത്തുമ്പോഴുണ്ടാകുന്ന രോഗവ്യാപനം ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. തന്നെയുമല്ല വീടുകളിൽ ഇരുന്ന് അവർ കൃത്യമായി മരുന്നു കഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധ്യമാക്കുന്നു. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് പരമാവധി ജനങ്ങൾക്ക് മരുന്നുകൾ എത്തിക്കാനുള്ള നടപടികൾ സംസ്ഥാന ആരോഗ്യവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. എല്ലാവരും കൃത്യമായി മരുന്ന് കഴിച്ച് അനുബന്ധ രോഗങ്ങളുള്ളവർ രോഗം നിയന്ത്രിക്കേണ്ടതാണ്.

ചികിത്സ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് കോവിഡ് പ്രതിരോധവും. മുതിർന്ന പൗരൻമാർക്കും ജീവിതശൈലി രോഗമുള്ളവർക്കും കിടപ്പു രോഗികൾക്കും കോവിഡ് വരാതെ നോക്കേണ്ടത് ഒരു ആവശ്യകതയാണ്. അതിനുള്ള അവബോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നതാണ്.

പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗമാണ് കിടപ്പ് രോഗികൾ. ഇവർക്ക് കോവിഡ് വന്നുകഴിഞ്ഞാൽ അത് മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. പാലിയേറ്റീവ് കെയർ രോഗികളുടെ പ്രത്യേക ശ്രദ്ധയ്ക്കായി എല്ലാ പാലിയേറ്റീവ് കെയർ നഴ്സുമാർക്കും വോളണ്ടിയർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അവർക്ക് രോഗം വരാതെ സൂക്ഷിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാനും മരുന്നുകൾ എത്തിച്ചു കൊടുക്കാനും നിർദേശം നൽകിയിട്ടുണ്ട്

Leave A Reply

Your email address will not be published.