കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണമെന്ന ആവശ്യം പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായി. ഭരണഘടനയിൽ മതേതരത്വം നീക്കംചെയ്യണമെന്നും രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നുമാണ് ആവശ്യം.
ഹിന്ദു രാഷ്ട്രത്തിനായുള്ള ആവശ്യം ശക്തമായി മുന്നോട്ട് വയ്ക്കുന്ന നേതാവ് ദുർഗ പർസായി അടക്കം രാഷ്ട്രീയ പ്രവർത്തകർ പ്രധാനമന്ത്രി സുശീല കാർക്കിയെ കണ്ടു, ഹിന്ദു രാഷ്ട്രവും വേദ–സനാതൻ പദവിയും ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം വ്യാപകമായ പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പ് സമയക്രമത്തെ ബാധിക്കുന്ന വലിയ പ്രസ്ഥാനവും തുടങ്ങുമെന്ന് അവർ മുന്നറിയിപ്പും നൽകി.
2008-ൽ രാജവാഴ്ച അവസാനിച്ചതോടെ നേപ്പാൾ മതേതര രാഷ്ട്രമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ‘ജെനറൽ ഇസഡ്’ പ്രസ്ഥാനത്തിന്റെ പിന്തുണയോടെ ഈ ആവശ്യം വീണ്ടും ശക്തിപ്രാപിച്ചിരിക്കുകയാണ്. വിഷയത്തിൽ സർക്കാർ ഡിസംബർ 17 വരെ ആഭ്യന്തര ചർച്ചകൾ നടത്തുമെന്നും തുടർന്ന് തീരുമാനം അറിയിക്കുമെന്നും പ്രധാനമന്ത്രി സുശീല കാർക്കി അറിയിച്ചു.

Comments are closed.