ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; പുതിയതായി റിപ്പോർട്ട് ചെയ്തത് 2.6 ലക്ഷം കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2,68,833 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6,041 ഒമൈക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3.67 കോടിയായി ഉയർന്നു. അകെ രേഖപ്പെടുത്തിയ കേസുകളുടെ 3.85 ശതമാനവും ആക്ടീവ് കേസുകളാണെന്നത് വ്യാപനത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. 14,17,820 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 4,85,752 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 94.83 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്.1,22,684 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനവുമാണ്.