Ultimate magazine theme for WordPress.

കോവിഡ് പിടിവിടുന്നു ; രാജ്യം ആശങ്കയിൽ , ഒറ്റ ദിവസം മൂന്നര ലക്ഷം രോഗികൾ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീതിദമായ നിലയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,14,835 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,104 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രദിന മരണനിരക്കാണിത്.
ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ 1,84,657 ആയി. നിലവില്‍ ഇന്ത്യയില്‍ 22,91,428 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1.34 കോടിയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു.മുന്‍പ് ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗബാധാ നിരക്ക് അമേരിക്കയിലാണ്. 2021 ജനുവരി എട്ടിന് റിപ്പോര്‍ട്ട് ചെയ്ത 3,07,581 കേസുകളാണ് അത്. ഇതിനെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്ക്. ഇന്ത്യയില്‍ ഒരു ലക്ഷം കടന്നത് ഏപ്രില്‍ നാലിന് ആണ്. അവിടെനിന്ന് വെറും 17 ദിവസംകൊണ്ടാണ് കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇക്കാലത്തെ പ്രതിദിന വര്‍ധന 6.76 ശതമാനമായിരുന്നു.അമേരിക്കയില്‍ രോഗബാധ ഒരു ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് 65 ദിവസമാണ്. 1.58 ശതമാനമായിരുന്നു പ്രതിദിന വര്‍ധന. ഒരു ലക്ഷത്തില്‍ അധികം പ്രതിദിന കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടി പ്രതിദിന വര്‍ധനയാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave A Reply

Your email address will not be published.