Ultimate magazine theme for WordPress.

പള്ളിയിലെ ആക്രമണം ജനങ്ങളിൽ ഭയവും അസ്വസ്ഥതയും സൃഷ്ടിച്ചു: സിഡ്‌നി ആർച്ച് ബിഷപ്പ്

സിഡ്‌നി: ക്രിസ്ത്യൻ പള്ളിക്കുള്ളിൽ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പിനും വൈദികനും നേരെയുണ്ടായ ആക്രമണം ജനങ്ങളിൽ ഭയവും അസ്വസ്ഥതയും സൃഷ്ടിച്ചതായി സിഡ്‌നി ആർച്ച് ബിഷപ്പ് ആൻ്റണി ഫിഷർ.

‘പ്രാർത്ഥനാലയങ്ങൾ പരമ്പരാഗതമായി സമാധാനത്തിൻ്റെയും സാന്ത്വനത്തിന്റെയും അഭയകേന്ദ്രവും സങ്കേതവുമാണ്. പള്ളിക്കുള്ളിൽ ശുശ്രൂഷയ്ക്കിടെ ബിഷപ്പിനെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നതാണ്. മറ്റ് രാജ്യങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നാം നിരവധി കണ്ടിട്ടുണ്ട്. എന്നാൽ നാളിതുവരെ, ആരാധനാലയങ്ങളിലും പരിസരങ്ങളിലുമുള്ള അക്രമണങ്ങളിൽ നിന്ന് ഓസ്ട്രേലിയ മുക്തമായിരുന്നു. ഈ രാജ്യത്തെ ഓരോ വ്യക്തിക്കും അദ്ദേഹം ബിഷപ്പോ വൈദികനോ റബ്ബിയോ ഇമാമോ ശുശ്രൂഷകനോ ആരുമാകട്ടെ പ്രാർത്ഥനയ്ക്കായി ഒത്തുകൂടുമ്പോൾ ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടാതെ ആരാധിക്കാൻ കഴിയണം” – ബിഷപ്പ് പറഞ്ഞു.

ഈ സംഭവങ്ങളോട് നാം ഭയത്തോടെ പ്രതികരിക്കരുത്. കൂടുതൽ ആക്രമണങ്ങളോ പ്രതികാര നടപടികളോ ഉണ്ടാകുമെന്ന് കരുതി ആരാധനാലയങ്ങൾ ഒഴിവാക്കരുത്. എന്നാൽ അക്രമത്തിനും ഭയത്തിനുമുള്ള ഏറ്റവും നല്ല പ്രതികരണം പ്രാർത്ഥനയും സമാധാനവുമാണ്. സിഡ്‌നിയിലെ കത്തോലിക്കാ അതിരൂപതയെ പ്രതിനിധീകരിച്ച് ബിഷപ്പ് ഇമ്മാനുവലിനും ഫാ. റോയേലിനും മറ്റ് ദുരിതബാധിതരായ എല്ലാവർക്കും ഞാൻ പ്രാർത്ഥനാപൂർവമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു. സമാധാനത്തിന്റെ ദൈവം നമ്മുടെ നാട്ടിൽ വാഴട്ടെ – ആർച്ച് ബിഷപ്പ് പ്രാർത്ഥിച്ചു.

ഓസ്ട്രേലിയയിലെ മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പ് റോബർട്ട് റബ്ബത്തും സംഭവത്തെ അപലപിച്ചു. പുരോഹിതന്മാർ ഉൾപ്പെടെയുള്ള നിരപരാധികൾ കൊല്ലപ്പെടുന്ന ഇറാഖ്, സിറിയ, ലെബനൻ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി പേർ സിഡ്‌നിയിലെ ബഹുസ്വര സമൂഹത്തിന്റെ ഭാഗമാണ്. അവിടെ അവരുടെ വിശ്വാസത്തിന് പരിക്കേൽക്കുമ്പോൾ ഇവിടെ സുരക്ഷിതമായി വിശ്വാസം ആചരിക്കാൻ കഴിയുന്നത് ആശ്വാസകരമാണ്. ബിഷപ്പ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് സിഡ്‌നിയുടെ പ്രാന്തപ്രദേശമായ വേക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദേവാലയത്തിലെ ശുശ്രൂഷകൾക്കിടെ ബിഷപ്പ് മാർ മാരി ഇമ്മാനുവലിനും വിശ്വാസികൾക്കും നേരെ ആക്രമണം ഉണ്ടായത്. സംഭവം തീവ്രവാദി ആക്രമണം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

Leave A Reply

Your email address will not be published.