Ultimate magazine theme for WordPress.

ക്രിസ്തുമതം ഉപേക്ഷിക്കണം; ഛത്തീസ്ഗഢില്‍ ക്രിസ്ത്യൻ പെൺകുട്ടിയുടെ ശവസംസ്ക്കാരം തടഞ്ഞു

 

 

നാരായണ്‍പൂര്‍: ഛത്തീസ്ഗഢിലെ ബ്രെഹബെദ ഗ്രാമത്തില്‍ ടൈഫോയ്ഡ് ബാധിച്ച് മരണപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കുന്നത് തടഞ്ഞ് ഗ്രാമവാസികള്‍. നാരായണ്‍പൂര്‍ സ്വദേശി സുനിതയെന്ന 13 കാരിയാണ് മരണപ്പെട്ടത്. ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ സംസ്ക്കാരം നടത്താന്‍ അനുവദിക്കാമെന്നു ഗ്രാമവാസികള്‍ കുട്ടിയുടെ കുടുംബത്തോടു പറഞ്ഞു. സംസ്ക്കരിക്കുന്നത് ക്രിസ്ത്യന്‍ വിശ്വാസ പ്രകാരമായിരുന്നു എന്നതാണ് ഗ്രാമവാസികളെ പ്രകോപിപ്പിക്കാന്‍ കാരണം.

നാരായണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. മൃതദേഹം വീട്ടിലെത്തിയതിനു പിന്നാലെ നിരവധി ഗ്രാമവാസികളും വീട്ടിലെത്തിയിരുന്നു. ഗ്രാമത്തിലെ ഭൂമിയില്‍ ക്രിസ്ത്യന്‍ വിശ്വാസപ്രകാരം സംസ്ക്കാര ശുശ്രൂഷകള്‍ അനുവദിക്കില്ലെന്നും ആദിവാസ സംസ്ക്കാരമുപയോഗിച്ച് സംസ്ക്കാര കര്‍മ്മങ്ങള്‍ നടത്തുന്നത് തടയില്ലെന്നുമായിരുന്നു ഗ്രാമവാസികളുടെ വാദം.

ഞങ്ങളും അവരേപ്പോലെതന്നെ ആദിവാസികളാണ്. പക്ഷെ അവര്‍ക്ക് ഞങ്ങള്‍ ചര്‍ച്ചില്‍ പോകുന്നതോ ക്രിസ്ത്യന്‍ മതാചാരങ്ങള്‍ പിന്തുടരുന്നതോ അംഗീകരിക്കാനാവുന്നില്ല. ആദിവാസി സംസ്ക്കാരം പിന്തുടരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ക്രിസ്തുമതം വിട്ടു വന്നാല്‍ മൃതദേഹം സംസ്ക്കരിക്കുവാന്‍ അനുവദിക്കാം എന്നാണ് ഗ്രാമവാസികളുടെ നിലപാട്. സുനിതയുടെ സഹോദരി പറഞ്ഞു. ഗ്രാമവാസികളുടെ എതിര്‍പ്പുമൂലം ബ്രെഹബെദയിലെ ഗ്രാമത്തില്‍നിന്ന് അകലെയുള്ള പ്രദേശത്താണ് മൃതദേഹം സംസ്ക്കരിക്കേണ്ടിവന്നതെന്നും ഗ്രാമവാസികള്‍ക്ക് ചില ഹിന്ദുത്വ സംഘടനയുടെ പിന്തുണയുണ്ടെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു. അതേ സമയം എല്ലാ ഗ്രാമവാസികളും സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കണമെന്നും ദേവ രീതിയിലേക്ക് തിരികെ വരണമെന്നും ഗ്രാമത്തിലെ മതകാര്യങ്ങള്‍ നോക്കുന്ന ദേവ സമിതി അംഗം സാന്തുറാം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.