Ultimate magazine theme for WordPress.

നൈജീരിയയിലെ സുരക്ഷാ പ്രതിസന്ധിയെക്കുറിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യമായ നൈജീരിയയിലെ സുരക്ഷാ പ്രതിസന്ധി എല്ലാവരുടെയും ചിന്തകള്‍ക്കു അപ്പുറമാണെന്ന് നൈജീരിയയിലെ ക്രിസ്ത്യന്‍ നേതാക്കള്‍. വടക്ക് – പടിഞ്ഞാറന്‍ നൈജീരിയയിലെ കടൂണ സംസ്ഥാനത്തിലെ അരക്ഷിതാവസ്ഥയാണ് ഏറ്റവും ആശങ്കാജനകമെന്നു കത്തോലിക്ക സഭയിലെ പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) യിലെ അംഗങ്ങള്‍ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് കടൂണ സംസ്ഥാനത്തിലെ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നടന്ന ആക്രമണത്തില്‍ നിരവധി വിശ്വാസികളാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് നൈജീരിയയിലെ സുരക്ഷാ പ്രതിസന്ധിയെക്കുറിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍ വിവരിച്ചത്. സംസ്ഥാനത്തെ ക്രൈസ്തവരുടെ സംരക്ഷണത്തിനായി ലോകമെമ്പാടുമുള്ള സുമനസ്കര്‍ രംഗത്ത് വരണമെന്നു സി.എ.എന്‍ അംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് സി.എ.എന്‍ സംസ്ഥാന ചെയര്‍പേഴ്സണ്‍ പാസ്റ്റര്‍ ജോസഫ് ഹയാബ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. പ്രദേശത്തെ സുരക്ഷയില്ലായ്മ ചിന്തകള്‍ക്കും അപ്പുറത്തേക്ക് വളരുകയും രാജ്യത്തിന് തന്നെ ഭീഷണിയാവുകയും ചെയ്തിരിക്കുകയാണെന്നും കടൂണയിലേയും നൈജീരിയയിലേയും ഒരു സാധാരണക്കാരന് താങ്ങാന്‍ കഴിയാവുന്നതിനേക്കാള്‍ വലിയ തിന്മയേയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ചികുണ്‍ പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലുള്ള ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ഒക്ടോബര്‍ 31-ന് നടന്ന ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 66 വിശ്വാസികളില്‍ 2 പേര്‍ നവംബര്‍ 6-ന് കൊല്ലപ്പെട്ടതായും 5 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ഈ വര്‍ഷം ജൂലൈ മാസത്തിനും സെപ്റ്റംബര്‍ മാസത്തിനും ഇടയില്‍ മാത്രം കവര്‍ച്ചകളിലും അക്രമങ്ങളിലും 343 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 830 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും, 210 പേര്‍ക്ക് ആക്രമണങ്ങളില്‍ മുറിവേല്‍ക്കുകയും, 10 പേര്‍ ബലാത്സംഗത്തിനിരയാവുകയും ചെയ്തതായി ഇന്റേണല്‍ സെക്യൂരിറ്റി ആന്‍ഡ്‌ ഹോം അഫയേഴ്സ് കമ്മീഷണര്‍ സാമുവല്‍ അരുവാന്‍ കഴിഞ്ഞ മാസം അറിയിച്ചിരിന്നു.

‘നൈജീരിയയിലെ തട്ടിക്കൊണ്ടുപോകലുകളുടേയും, കവര്‍ച്ചകളുടേയും പ്രഭവകേന്ദ്രം’ എന്നാണ് ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് (സി.എസ്.ഡബ്ല്യു) കടൂണ സംസ്ഥാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കടുണ എക്ലേസിയസ്റ്റിക്കല്‍ പ്രവിശ്യയിലെ കത്തോലിക്ക മെത്രാന്മാരും സംസ്ഥാനത്തെ അരക്ഷിതാവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഇസ്ലാമിക തീവ്രവാദമെന്ന തിന്മയുടെ ശക്തികള്‍ അപഹരിച്ചിരിക്കുകയാണെന്നും മതപീഡനം ജനങ്ങളില്‍ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചിരിക്കുകയാണെന്നും മെത്രാന്‍മാര്‍ പ്രസ്താവിച്ചിരിന്നു.

Leave A Reply

Your email address will not be published.