വത്തിക്കാൻ : അമേരിക്കയിൽ വധശിക്ഷ നടപ്പാക്കുന്നതിലുണ്ടായ വൻ വർദ്ധനവിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ‘കാത്തലിക് മൊബിലൈസിങ് നെറ്റ്വർക്ക്’. വധശിക്ഷയ്ക്കെതിരെയും പുനരധിവാസ നീതിക്കായും പ്രവർത്തിക്കുന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസാൻ വൈലാൻകോർട്ട് മർഫി, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2025-ൽ മാത്രം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി 47 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇത് കഴിഞ്ഞ 10 വർഷത്തെ ശരാശരിയുടെ ഇരട്ടിയിലധികമാണ്. അമേരിക്കൻ ജനതയ്ക്കിടയിൽ വധശിക്ഷയോടുള്ള വിയോജിപ്പ് കൂടുകയും അത് നിർത്തലാക്കാനുള്ള നീക്കങ്ങൾ ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ആശങ്കാജനകമായ വർദ്ധനവ്. 11 സംസ്ഥാനങ്ങളിലാണ് പ്രധാനമായും വധശിക്ഷകൾ നടപ്പാക്കിയത്; ഇതിൽ ഫ്ലോറിഡയിൽ മാത്രം 19 പേരെയാണ് വധിച്ചത്. വധശിക്ഷ ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസമോ സൌഖ്യമോ നൽകുന്നില്ലെന്നും, പകരം അക്രമത്തിന്റെ മറ്റൊരു പരമ്പരയ്ക്ക് മാത്രമാണ് കാരണമാകുന്നതെന്നും ക്രിസാൻ മർഫി ചൂണ്ടിക്കാട്ടി.
മനുഷ്യന്റെ അന്തസ്സിനും ജീവന്റെ വിലയ്ക്കും എതിരായതിനാൽ വധശിക്ഷ പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണെന്ന കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനവും അവർ ഓർമ്മിപ്പിച്ചു. അടുത്തിടെ, 2026 ഏപ്രിലിൽ ഇല്ലിനോയിസ് സംസ്ഥാനം വധശിക്ഷ നിർത്തലാക്കിയതിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് അയച്ച വീഡിയോ സന്ദേശത്തിൽ ലെയോ പതിനാലാമൻ പാപ്പയും വധശിക്ഷ നിർത്തലാക്കാനുള്ള ആഗോള ശ്രമങ്ങൾക്ക് തന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Comments are closed.