ഗാസ : ഗാസയിലെ യഥാർത്ഥ സാഹചര്യം മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങൾക്കും അപ്പുറം അതീവ ഗുരുതരവും ദയനീയവുമാണെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഇറ്റാലിയൻ മാഗസിനായ ‘ലിമെസ്’ നൽകുന്ന സമാധാന പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ ഗാസ സന്ദർശിച്ചപ്പോൾ കണ്ട ഭയാനകമായ കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചു.
യുദ്ധം തകർത്ത ഗാസയിൽ നിലവിൽ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് പെരുകിവരുന്ന എലികളാണെന്ന് കർദിനാൾ ആശങ്കയോടെ വ്യക്തമാക്കി. ദുർഗന്ധം വമിക്കുന്ന നഗരത്തിൽ എലികൾ കുട്ടികളെ വ്യാപകമായി ഉപദ്രവിക്കുന്നുണ്ടെന്നും അവിടെയുള്ള കുട്ടികൾ അനുഭവിക്കുന്ന ദുരന്തം വിവരിക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ദുസ്സഹമായ സാഹചര്യത്തിലും സമാധാനത്തിനായുള്ള സംവാദത്തിന്റെ വാതിലുകൾ അടയ്ക്കരുതെന്ന് കർദിനാൾ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം പലസ്തീൻ ജനതയെ ഒറ്റപ്പെടുത്തരുതെന്നും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, ഗാസയിലെ യുഎൻ ഏജൻസിക്ക് വത്തിക്കാൻ ധനസഹായം ഉറപ്പുനൽകിയിട്ടുണ്ട്.

Comments are closed.