“ഉറക്കം നഷ്ടപ്പെട്ട മൂന്നു വർഷം” അത്ഭുത വിടുതലിന്‍റെയും ആത്മ രക്ഷയുടെയും സാക്ഷ്യവുമായി ബ്രദർ മാത്യൂസ് ഏബ്രഹാം, ചിക്കാഗോ
-കൊച്ചുമോന്‍ ആന്താര്യത്ത്, ഷാർജ
മദ്ധ്യ തിരുവിതാംകൂറിലെ ആത്മീയ നവോത്ഥാനത്തിന്‍റെ കേന്ദ്രമായ തിരുവല്ല പുല്ലാടിലെ പുരാതന പാരമ്പര്യ മാർത്തോമ്മാ കുടുംബമായ മുറ്റുതറയില്‍ പരേതരായ ഫിലിപ്പോസ് ഏബ്രഹാം-അന്നമ്മ ദമ്പതികളുടെ 8 മക്കളില്‍ ഏഴാമനായി 1960 മാർച്ചില്‍ വീട്ടുകാരും നാട്ടുകാരും സ്നേഹത്തോടെ അച്ചു എന്നു വിളിക്കുന്ന ബ്രദർ മാത്യൂസ് ഏബ്രഹാം ജനിച്ചു. തന്‍റെ കുടുംബം ഒരു കാർഷിക കുടുംബം ആയിരുന്നതിനാലും പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്‍റെ മാതാപിതാക്കള്‍ മക്കളെ എട്ടുപേരെയും അറിഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ വളർത്തുവാന്‍ ശ്രമിച്ചു. ആയതിനാല്‍ താന്‍ ചെറുപ്പം മുതലേ സണ്ടേ സ്കൂളിലും പിന്നെ മാർത്തോമ്മാ യുവജന സഖ്യത്തിലും പ്രവർത്തിച്ചു. വൈദികർക്കൊപ്പം മദ്ബഹായില്‍ ശുശ്രൂഷിക്കാനും അവസരം ലഭിച്ചു. താന്‍ തികഞ്ഞ ഒരു പള്ളി ഭക്തനായി വളർന്നതിനാല്‍ സഭാതലത്തില്‍ പല ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ ലഭിച്ചു. തന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മുതലേ രാഷ്ട്രീയത്തിലും അതിതല്‍പരനായ താന്‍ മുതിർന്നപ്പോള്‍ ഒരു രാഷ്ട്രീയക്കാരനായി താന്‍ മാറി. കോളേജ് വിദ്യാഭ്യാസ കാലത്ത് രാഷ്ട്രീയ പ്രവർത്തനം തന്‍റെ കൂട്ടുകാർക്കിടയില്‍ താന്‍ “നേതാജി” ആയി മാറി. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗത്തിന്‍റെയും തൊഴിലാളി സംഘടനയുടെയും ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച താന്‍ ഇന്നത്തെ ചില സംസ്ഥാന ദേശീയ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരോടൊപ്പം യാത്ര ചെയ്യാനും പ്രവർത്തിക്കാനും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം താന്‍ ആരോഗ്യപരിപാലത്തിനും ബോഡി ബില്‍ഡിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ മിസ്റ്റർ തിരുവല്ലയും മിസ്റ്റർ പത്തനംതിട്ടയും ആയി ഒക്കെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് താന്‍ കുമ്പനാട് മുട്ടുമണ്ണില്‍ ഒരു ജിം നടത്തിയിരുന്നു. താന്‍ മിസ്റ്റർ കേരളയ്ക്കു വേണ്ടി പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ ജീവിതം തുടർന്നാല്‍ തന്‍റെ ഭാവി എന്തായി തീരും എന്ന തന്‍റെ സഹോദരങ്ങള്‍ ആശങ്കപ്പെട്ടിരുന്നതിനാല്‍ തന്‍റെ ഒരു സഹോദരന്‍ ആസാമില്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ അവിടേക്കു കൊണ്ടുപോയി. നിർബന്ധത്തിനു വഴങ്ങി താന്‍ 1984 ല്‍ ആസമില്‍ പോയി. ജൂണ്‍ 1-ാം തീയ്യതി അവിടെ നിന്നും തിരികെ വരാന്‍ ടിക്കറ്റ് എടുത്ത തന്നെ നാട്ടിലേക്ക് തിരികെ വിടാതിരിക്കാന്‍ വേണ്ടി അവിടെ തന്നെ ഒരു ജോലി തനിക്ക് ശരിയാക്കി തന്നു. 1984 മേയ് 28-ാം തീയ്യതി താന്‍ ജോലിയില്‍ പ്രവേശിച്ചു. ജൂണ്‍ 1-ാം തീയ്യതി തന്‍റെ സഹോദരന്‍ തന്നെ ഓഫീസില്‍ നിന്നും വീട്ടിലേക്കു കൊണ്ടുപോകാന്‍ വന്നു. ഇരുവരും സ്കൂട്ടറില്‍ തിരികെ പോകുമ്പോള്‍ അപ്രതീക്ഷിതമായി ഒരു ട്രക്ക് കാറിൽ ഇടിക്കുകയും ആ സമയം സ്കൂട്ടറില്‍ യാത്ര ചെയ്ത തങ്ങളുടെ വശത്തേക്കു ഓവർ ലോഡുമായി വന്ന ട്രക്ക് മറിഞ്ഞു വീഴുകയും ചെയ്തു. സംഭവ സ്ഥലത്തു വച്ചു തന്നെ തന്‍റെ സഹോദരന്‍ മരിച്ചു. തന്നെ അവിടെയുള്ള മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആക്കി. മൂന്നു ദിവസം യാതൊരു പ്രതീക്ഷയും ഇല്ലാതെ മരിച്ചവനെപോലെ കിടന്ന തന്‍റെ കണ്ണ് മൂന്നാമത്തെ ദിവസം തുറന്നു. 18 ദിവസങ്ങള്‍ക്കു ശേഷമാണ് തന്‍റെ സഹോദരന്‍ മരിച്ച വിവരം താന്‍ അറിയുന്നത്. പത്ര മാധ്യമങ്ങളില്‍ മൂന്നു സഹോദരങ്ങള്‍ മരിച്ചു എന്ന വാർത്തയായാണ് വന്നത്. പിന്നീട് തന്നെ വെല്ലൂർ മെഡിക്കല്‍ കോളേജിലും മൂന്നു മാസം തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും മരണത്തെ മുഖാമുഖം കണ്ട് കിടക്കുകയായിരുന്നു. തന്‍റെ ഒരു ചെവി അപകടത്തില്‍ ഇരിഞ്ഞുപോയി.
വൈദ്യശാസ്ത്രം തന്നെ കൈവെടിഞ്ഞപ്പോഴും ഒരു നാടു മുഴുവന്‍ പ്രാർത്ഥിച്ചതിന്‍റെയും ഉപവസിച്ചതിന്‍റെയും ഫലമായി തനിക്ക് ജീവന്‍ തിരിച്ചു കിട്ടി. എന്നാലും താന്‍ യഥാർത്ഥ ദൈവസ്നേഹത്തിലേക്ക് തിരിഞ്ഞില്ല എന്നത് ഇപ്പോഴും സങ്കടത്തോടെ ഓർക്കുന്ന കാര്യമാണ്. അങ്ങനെ താന്‍ 1989 ല്‍ തന്‍റെ സഹോദരി സ്പോണ്‍സർ ചെയ്ത് അമേരിക്കയിലേക്ക് കുടിയേറി. അമേരിക്കയില്‍ വന്ന ശേഷവും മാർത്തോമ്മാ സഭയില്‍ താന്‍ സജീവ പ്രവർത്തകനായിരുന്നു. താന്‍ ഉള്‍പ്പെടെ തുടങ്ങി വച്ച “Home for Homeless’ പ്രവർത്തനം മൂലം 3000 ത്തില്‍ അധികം വീടുകള്‍ വച്ചു നല്‍കി. കൂടാതെ അമേരിക്കയിലും താന്‍ രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ സജീവമായി. റിപ്പബ്ലിക്സ് പാർട്ടിയിലും ഡയറക്ടർ ബോർഡ് മെംബറായി പ്രവർത്തിക്കാനും അവസരം ലഭിച്ചു. 1990 ല്‍ കോട്ടയം മണർക്കാട് സ്വദേശിനിയായ ഓർത്തഡോക്സ് പശ്ചാത്തലമുള്ള ബീനയെ തന്‍ ജീവിത സഖിയാക്കി. ദൈവം ഇവർക്ക് മൂന്നു പെണ്‍ പൈതങ്ങളെ ദാനമായി നല്‍കി.
മലയാളി അസോസിയേഷനിലും FOCANA യിലും സജീവമായി താന്‍ താമസിക്കുന്ന സിറ്റിയുടെ കണ്‍സ്യൂമർ പ്രൊട്ടക്ഷന്‍ കമ്മീഷണറായി മൂന്നു വർഷം സേവനം അനുഷ്ഠിക്കാനും പാർക്ക് ഡിസ്ട്രിക്കിന്‍റെ കമ്മീഷണറായി പ്രവർത്തിക്കാനും തനിക്കു സാധിച്ചു. ജോലിയോടൊപ്പം ബിസിനസ് മേഖലയും താന്‍ കൈവച്ചു. ഒരു ഗ്യാസ് സ്റ്റേഷനും ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനിയും തുടങ്ങി. ഒരു കുതിരയെപ്പോലെ വിശ്രമമില്ലാതെ ഓടിയ താന്‍ ആയിരിക്കുന്ന ഇടങ്ങളില്‍ വ്യക്തിമുദ്ര സ്ഥാപിച്ചു.
വിശ്രമം ഇല്ലാതെ ലോകം വെട്ടിപിടിക്കാന്‍ ഓടിയ തനിക്ക് 2012 ല്‍ നേരിട്ടത് ജീവിത പ്രതീക്ഷകളെ നഷ്ടപ്പെടുത്തുന്നതായിരുന്നു. 2012 മുതല്‍ 2015 വരെ മൂന്നു വർഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കാണാവുന്ന ഡോക്ടറിനെയും കിട്ടാവുന്ന മരുന്നുകളും പോകാവുന്ന ആശുപത്രികള്‍ എല്ലായിടത്തും പോയി. തന്‍റെ നഷ്ടപ്പെട്ട ഉറക്കം തിരികെ ലഭിക്കാന്‍ സാധിച്ചില്ല. വൈദ്യശാസ്ത്രം തന്നെ കൈയ്യൊഴിഞ്ഞു. ഒരു മണിക്കൂർ എങ്കിലും ഉറങ്ങാന്‍ വേണ്ടി ഒരു കൈ ഉറക്ക ഗുളിക കഴിച്ചിട്ടും തനിക്ക് ഉറക്കം ലഭിച്ചില്ല. ശാരീരികമായും മാനസ്സികമായും തളർന്ന തന്‍റെ കുടുംബ ജീവിതത്തിലും ചില താളപ്പിഴകള്‍ തുടങ്ങി. ഈ സമയങ്ങളില്‍ തന്‍റെ ഭാര്യ ഉപവാസത്തോടെയും പ്രാർത്ഥനയോടെയും കഴിഞ്ഞിരുന്നുവെങ്കിലും തനിക്ക് ആ ദൈവസ്നേഹം തിരിച്ചറിയാന്‍ സാധിച്ചില്ല.
അങ്ങനെ താന്‍ നാട്ടില്‍ പുതിയതായി നിർമിച്ച വീടിന്‍റെ മതില്‍ പണിയുമായി ബന്ധപ്പെട്ട് 2015 ല്‍ നാട്ടിലേക്ക് കടന്നുവന്നു. ആ യാത്ര തന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. തന്‍റെ സ്നേഹിതന്‍ ഫ്ലോറിഡയില്‍ നിന്നും തന്നുവിട്ട ഒരു Envelop കൊടുക്കാന്‍ തിരുവല്ല പരുമലയില്‍ താമസിക്കുന്ന ഒരു പാസ്റ്ററിന്‍റെ അടുത്തു തനിക്കു പോകേണ്ടതായി വന്നു. അതുവരെ ഒരു പാസ്റ്ററുടെ അടുക്കല്‍ പ്രാർത്ഥിക്കാനോ മറ്റോ താന്‍ പോയിരുന്നില്ല. ഒരു മാർത്തോമ്മാക്കാരന്‍ എന്ന നിലയില്‍ തന്‍റെ അഭിമാന പ്രശ്നം കൂടിയായിരുന്നു അത്. പ്രത്യേകിച്ച് തന്‍റെ മൂത്ത സഹോദരന്‍ മാർത്തോമ്മാ സഭയിലെ ഒരു പട്ടക്കാരന്‍ കൂടിയാണ്. പരുമലയില്‍ മനസ്സില്ലാമനസ്സോടെ Envelop കൊടുക്കാന്‍ പോയ താന്‍ പാസ്റ്ററിനെ കണ്ട് തരിച്ചു വരുന്ന നേരത്ത് രണ്ടു മിനിറ്റ് പാസ്റ്റർ ഒന്നു പ്രാർത്ഥിക്കാന്‍ തുടങ്ങി. പക്ഷെ അതു മണിക്കൂറുകള്‍ നീണ്ടുപോയി. തന്‍റെ 17 വയസ്സു മുതല്‍ ഉണ്ടായ കാര്യങ്ങള്‍ അദ്ദേഹം പറയുവാന്‍ തുടങ്ങി. അതു തന്‍റെ ജീവിതത്തെ മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. പിന്നീട് അമേരിക്കയില്‍ തിരികെ വന്ന താന്‍ പതിവുപോലെ മാർത്തോമ്മാ പള്ളിയില്‍ പോകുവാന്‍ തുടങ്ങിയെങ്കിലും അവിടെ ശ്രദ്ധ കേന്ദ്ര കേന്ദ്രീകരിക്കുവാന്‍ മനസ്സ് സമ്മതിച്ചില്ല. താനും ഭാര്യയും രാത്രിയില്‍ മണിക്കൂറുകള്‍ പ്രാർത്ഥന ആരംഭിച്ചു. തന്‍റെ ഭാര്യ ആ സമയത്തും ഉപവാസവും പ്രാർത്ഥനയും തുടർന്നുകൊണ്ടിരുന്നു. കണ്ണുനീർ തൂകുമ്പോള്‍ മനസ്സലിയുന്ന ദൈവം തന്‍റെ ജീവിതത്തില്‍ പ്രവർത്തിക്കുവാന്‍ തുടങ്ങി. പ്രതീക്ഷ നഷ്ടപ്പെട്ട തനിക്ക്, തനിക്ക് ഇനിയും അധികം നാളില്ല, കുഞ്ഞുങ്ങളടെ ഭാവി എന്താകും എന്നും ആകുലപ്പെട്ട നേരത്ത് ദൈവാത്മാവ് ശാന്തമായി തന്നോടു സംസാരിച്ചു “Who can heal you” ആരു നിന്നെ സൗഖ്യമാക്കും? ദൈവാത്മാവ് തന്നോട് വീണ്ടും സംസാരിച്ച് പെന്തക്കോസ്തില്‍ പോയാല്‍ ഭാര്യയെ ഉപേക്ഷിക്കണം എന്നു കരുതിയ താന്‍ ഭാര്യയെയും കൂട്ടി അടുത്തുള്ള ഒരു പെന്തക്കോസ്ത് ചർച്ചില്‍ ആരാധനയ്ക്കു കടന്നുപോയി. ഒരു അഭയാർത്ഥിയെപ്പോലെ കടന്നുപോയ തനിക്ക് ആ ആരാധനയില്‍ ലഭിച്ചത് സ്വർഗ്ഗിയ സന്തോഷമായിരുന്നു. തുടർന്ന് 2015 സെപ്റ്റംബർ 22ന് താനും ഭാര്യയും കർത്താവിനെ ജലത്തില്‍ സാക്ഷീകരിച്ചു. അന്ന് തന്‍റെ ജീവിതത്തില്‍ ദൈവം ഒരു അത്ഭുതം ചെയ്തു. വൈദ്യശാസ്ത്രം കൈവിട്ട തനിക്ക് അന്ന് രാത്രി സുഖമായി ഉറങ്ങാന്‍ സാധിച്ചു. മാത്രമല്ല, ഇന്നുവരെയും ദൈവം സുഖ നിദ്ര നല്‍കുന്നു. തന്‍റെ മക്കള്‍ക്ക് ആദ്യം ഈ പെന്തക്കോസ്ത് വിശ്വാസം അംഗീകരിക്കാന്‍ സാധിച്ചില്ല എങ്കിലും പിന്നീട് അവരും അതു ശരിയാണെന്നു മനസ്സിലായി 2016 ജൂലൈ 22ന് മക്കള്‍ മൂന്നുപേരും സ്നാനപ്പെടുവാന്‍ ദൈവം അവസരം ഒരുക്കി. താന്‍ സ്നാനപ്പെട്ടു എന്നു അറിഞ്ഞ് മാർത്തോമ്മയിലേക്ക് തിരികെ കൊണ്ട് പോകുവാന്‍ പലരും ശ്രമിച്ചു. എങ്കിലും അറിഞ്ഞ സത്യത്തില്‍ നിന്നും പിന്മാറാതെ കർത്താവിനായി തന്നാല്‍ ആവോളം പ്രവർത്തിക്കുന്നു. താന്‍ ഇപ്പോള്‍ ആരാധിക്കുന്ന ഐ.പി.സി. ഷാലോം, ചിക്കാഗോ ദൈവസഭ തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നു. താന്‍ വിശ്വാസ ജീവിതത്തില്‍ വന്നതിനു ശേഷം ദൈവീക ആലോചന പ്രകാരം വളരെ സാമ്പത്തിക ലാഭമുണ്ടായിരുന്ന ഗ്യാസ് സ്റ്റേഷന്‍ ബിസിനസ്സ് ഉപേക്ഷിച്ചു. കൂടാതെ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിസിനസ്സിലെ ഇന്‍റർനാഷന്‍ ഗ്രൂപ്പ് ചെയ്യുമ്പോള്‍ ഡിന്നർ വിത്ത് വൈന്‍ താന്‍ കൊടുക്കുമായിരുന്നു. അങ്ങിനെയുള്ള ലാഭം വേണ്ടെന്നുവച്ചു. ഡിന്നർ വിത്ത് വൈന്‍ ഗ്രൂപ്പുകളുടെ കോണ്ടാക്ട് താന്‍ ഉപേക്ഷിച്ചു. വലിയ നഷ്ടം അതില്‍ ഉണ്ടാകുമായിരുന്നുവെങ്കിലും ദൈവം ജയത്തോടെ തന്നെയും കുടുംബത്തെയും നടത്തുന്നു.
തന്നെ വിടുവിച്ച ദൈവത്തിന്‍റെ സാക്ഷിയായി കിട്ടുന്ന അവസരങ്ങള്‍ എല്ലാം പ്രയോജനപ്പെടുത്തുന്നു. കൂടാതെ തെരുവില്‍ കഴിയുന്ന മനോരോഗികള്‍, വീടില്ലാത്തവർ എന്നിവരുടെ അടുത്തുപോയി ഭക്ഷണം കൊടുക്കുന്നു, സുവിശേഷം പങ്കുവയ്ക്കുന്നു, ഒരുകാലത്ത് ജീവിതത്തിന്‍റെ പ്രതീക്ഷ നഷ്ടപ്പെട്ട് തനിക്ക് പ്രതീക്ഷയും പ്രത്യാശയും തിരികെ തന്ന കർത്താവിന്‍റെ സ്നേഹം മറ്റുള്ളവരിലേക്കും എത്തിക്കൂക എന്ന ഉദ്ദേശത്തോടെ ബ്രദർ മാത്യു ഏബ്രഹാമും തന്‍റെ ഭാര്യ സിസ്റ്റർ ബീനയും മൂന്നു പെണ്‍കുഞ്ഞുങ്ങളും അവരുടെ മേഖലയില്‍ കർത്താവിനെ ഉയർത്തുന്നു. ഈ കുടുംബത്തിനായി നമുക്കു പ്രാർത്ഥിക്കാം.
