*തോക്കുധാരിയെ നേരിട്ട ധീരനായപ്രിൻസിപ്പാൾ; പോൾസ് വാലി സ്കൂളിൽ ദുരന്തം ഒഴിവായത് കിർക് മൂറിന്റെ കരുത്തിൽ!*
യുഎസ് : അമേരിക്കയിലെ സ്കൂൾ വെടിവയ്പ്പ് ഭീതികൾക്കിടയിൽ ഒക്ലഹോമയിൽ നിന്ന് വരുന്നത് അതിസാഹസികമായ പുതിയ വാർത്തയാണ്. പോൾസ് വാലി ഹൈസ്കൂളിൽ തോക്കുമായെത്തിയ അക്രമിയെ സ്വന്തം ജീവൻ പണയപ്പെടുത്തി നേരിട്ട പ്രിൻസിപ്പാൾ കിർക് മൂർ ഇപ്പോൾ ലോകത്തിന്റെ ഹീറോയായി മാറിയിരിക്കുകയാണ്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
കറുത്ത ഹൂഡി ധരിച്ച് തോക്കുമായി ഇടനാഴിയിലൂടെ വന്ന 20-കാരനായ വിക്ടർ ഹോക്കിൻസിനെ കണ്ട പ്രിൻസിപ്പാൾ ഒട്ടും മടിക്കാതെ സെക്കൻഡുകൾക്കുള്ളിൽ അയാളുടെ മേൽ ചാടിവീഴുകയായിരുന്നു. മൽപിടുത്തത്തിനിടയിൽ പ്രിൻസിപ്പാളിന്റെ കാലിന് വെടിയേറ്റെങ്കിലും, അക്രമിയെ തറയിൽ അമർത്തിപ്പിടിച്ച് കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചു. ലോകത്തെ നടുക്കിയ ‘കൊളംബൈൻ വെടിവയ്പിന്’ സമാനമായ ക്രൂരത ആവർത്തിക്കാനായിരുന്നു മുൻ വിദ്യാർത്ഥി കൂടിയായ അക്രമി ലക്ഷ്യമിട്ടതെന്ന് പോലീസ് കണ്ടെത്തി.
വെടിയേറ്റ കിർക് മൂർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നത് ആശ്വാസകരമായ പുതിയ വിവരമാണ്.

Comments are closed.