മെത്രാന്‍ പദവി വേണ്ട, സുവിശേഷം പ്രഘോഷിക്കാം: പാപ്പയുടെ മുന്നില്‍ അപേക്ഷയുമായി നിയുക്ത കര്‍ദ്ദിനാള്‍
മെത്രാന്‍ പദവി വേണ്ട, സുവിശേഷം പ്രഘോഷിക്കാം: പാപ്പയുടെ മുന്നില്‍ അപേക്ഷയുമായി നിയുക്ത കര്‍ദ്ദിനാള്‍
വത്തിക്കാന്‍ സിറ്റി: തന്നെ മെത്രാൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് അഭ്യര്‍ത്ഥിച്ച് നിയുക്ത കര്‍ദ്ദിനാളും പേപ്പല്‍ പ്രീച്ചറുമായ ഫാ. റാണിറോ കാന്റലാമെസ. ഒരു മെത്രാന്റെ കടമ ഒരു ഇടയനെ പോലെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഒരുമിച്ച് കൂട്ടുക എന്നതാണെന്നും അതിന് എന്റെ ഈ പ്രായത്തിൽ എളുപ്പമല്ലായെന്നും പകരം കർത്താവിന് വേണ്ടി മനുഷ്യരെ പിടിക്കുന്ന വചന ശുശ്രൂഷ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞതായി റോമില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികന്‍ ഫാ. ജിയോ തരകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. \’എനിക്ക് ഈ ഫ്രാൻസിസ്കൻ വസ്ത്രത്തിൽ തന്നെ മരണം വരെ ജീവിക്കണമെന്നും ആഗ്രഹമുണ്ടെ\’ന്ന് 86 വയസുള്ള നിയുക്ത കർദ്ദിനാൾ പറഞ്ഞു.
1980 മുതൽ വത്തിക്കാനില്‍ സേവനം ചെയ്യുന്ന അദ്ദേഹം വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെയും, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെയും ഫ്രാന്‍സിസ് പാപ്പയുടെയും വചന പ്രഘോഷകനായിരുന്നു. കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയാലും പാപ്പയുടെ വചന പ്രഘോഷകനായി തന്നെ അദ്ദേഹം തുടരും. കഴിഞ്ഞ രണ്ട് കോൺക്ലേവുകളിലും അടക്കം 40 വർഷത്തോളമായി വത്തിക്കാനിലെ വചന സജീവ സുവിശേഷ പ്രഘോഷകനാണ് അദ്ദേഹം. നോമ്പുകാലത്തും ആഗമന കാലത്തും പാപ്പാക്കും, റോമന്‍ കൂരിയാംഗങ്ങള്‍ക്കും ആത്മീയ ധ്യാനങ്ങള്‍ നല്‍കുന്നത് പേപ്പല്‍ പ്രീച്ചറുടെ കടമയാണ്. ദുഃഖവെള്ളിയാഴ്ചയിലെ പ്രസംഗവും പേപ്പല്‍ പ്രീച്ചറുടെ കടമയാണ്. 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഒരു പേപ്പല്‍ പ്രീച്ചറെ ആദ്യമായി നിയമിച്ചത്. വരുന്ന 28നാണ് പുതിയ കര്‍ദ്ദിനാളുമാരെ വത്തിക്കാനിൽവെച്ച് വാഴിക്കുന്നത്.