Ultimate magazine theme for WordPress.

ബിസിപിഎ മുഖാമുഖ ചർച്ച: കർണാടയിൽ പീഡനത്തിനെതിരെ ക്രൈസ്തവസഭകൾ ഒരുമിക്കുന്നു

ബെംഗളൂരു : കർണാടകയിലെ മറ്റു ക്രൈസ്തവ വിഭാഗത്തൊടൊപ്പം പെന്തെക്കൊസ്തു സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിച്ചാലേ ക്രൈസ്തവർക്കു സംസ്ഥാനത്തു സംരക്ഷണം ലഭുക്കുകയുള്ളുവെന്ന് ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് ( ജിസിഐസി ) പ്രസിഡന്റ് ഡോ. സാജൻ ജോർജ് പറഞ്ഞു.
\"\" ബി സി പി എ മുഖാമുഖ ചർച്ച ജിസിഐസി പ്രസിഡൻ്റ് ഡോ.സാജൻ ജോർജ് ( ഇടത് ) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

\"\"

കർണാടകയിൽ സഭകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ( ബിസിപിഎ) ഒക്ടോ. 31ന് ഹൊറമാവ് ഐപിസി ഹെഡ്ക്വാർട്ടേഴ്‌സ് ഹാളിൽ സംഘടിപ്പിച്ച മുഖാമുഖ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിപിഎ പ്രസിഡന്റ് ബ്രദർ ചാക്കോ കെ.തോമസ് അധ്യക്ഷത വഹിച്ചു. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്‌സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തി. ഒരുവനു ഏതു മതത്തിൽ വിശ്വസിക്കാനും താൻ വിശ്വസിക്കുന്ന മതത്തെക്കുറിച്ച് പ്രചരിപ്പിക്കാനും ഭരണഘടന പൗരനു നൽകുന്ന മൗലികാവകാശമാണ്. കർണാടകയിൽ വിവിധ സമുദായങ്ങളുടെ ആരാധനാലയങ്ങൾ ഉണ്ടായിരിക്കെ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്നത് ശരിയല്ല. സഭാഹാളുകളുടെ സർവേ എടുക്കുന്നതും മിഷനറിമാരെ നിരീക്ഷിക്കുന്നതും 25 വർഷത്തെ മതപരിവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതും മത പരിവർത്തന നിരോധനബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. ഇക്കാര്യത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യനിര ശക്തിപ്പെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചർച്ചയിൽ എജി പ്രസ്ബിറ്ററും വിക്ടറി എജി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ രവി മണി ബാംഗ്ലൂർ പ്രധാനമായും സംസാരിച്ചു. എജി നേതൃത്വം കർണാടക ആർച്ച് ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അദ്ദേഹം വെളിപ്പെടുത്തി. വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് സഭാനേതാക്കളായ ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ ടി.ജെ. ബെന്നി, കെ വി മാത്യൂ, എം.ഐ.ഈപ്പൻ, ജോയ് എം. ജോർജ്, എം.കുഞ്ഞപ്പി, ഇ. ജെ. ജോൺസൺ, ടി. സി. ചെറിയാൻ, സണ്ണി കുരുവിള, റോയ് ജോർജ്,ജേക്കബ് തോമസ് ,ബിജു ജോർജ്, റ്റി. ഡി. തോമസ്,ഡോ. ജ്യോതി ജോൺസൺ, എന്നിവരും ടി പി എം സഭകളെ പ്രതിനിധീകരിച്ച് വിശ്വാസികളും മറ്റ് പ്രധാന സഭകളിലെ ശുശ്രൂഷകരും വിശ്വാസികളുമായി നൂറോളം പേർ ചർച്ചയിൽ പങ്കെടുത്തു.
ബിസിപിഎ രക്ഷാധികാരിയും ഐപിസി കർണാടക വൈസ് പ്രസിഡന്റുമായ പാസ്റ്റർ ജോസ് മാത്യൂ മോഡറേറ്റർ ആയിരുന്നു.
മുഖ്യധാര പെന്തെക്കോസ്ത് സഭകളായ ഐപിസി, എജി, ചർച്ച് ഓഫ് ഗോഡ്, ശാരോൻ ഫെലോഷിപ്പ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തുടങ്ങിയവയും സ്വതന്ത്ര സഭകളും ഒരുമിച്ച് മുന്നോട്ട് പ്രവർത്തിക്കാൻ സഭാ നേതാക്കൾ ചർച്ചയിൽ തീരുമാനിച്ച്, പാസ്റ്റർ രവി മണിയെ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തു.
കർണാടകയിലെ ക്രൈസ്തവ സഭകളുടെ വാർത്തകൾ ക്രൈസ്തവ മാധ്യമങ്ങളിൽ പ്രസിദ്ധീകരി ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ബിസിപിഎ ന്യൂസ് വാർത്താപത്രിക പബ്ലിഷർ ബ്രദർ മനീഷ് ഡേവിഡ് വിവരിച്ചു. സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ സ്വാഗതവും ജോ. സെക്രട്ടറി പാസ്റ്റർ ജോമോൻ ജോൺ നന്ദിയും പറഞ്ഞു.
ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാസ്റ്റർ കുഞ്ഞപ്പിയുടെ ആശീർവാധ പ്രാർഥനയോടെ ചർച്ച സമാപിച്ചു.

Leave A Reply

Your email address will not be published.