Ultimate magazine theme for WordPress.

കെനിയയിലെ നിരീശ്വരവാദികളുടെ നേതാവ് സേത്ത് മഹിംഗ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു

യേശുവിനെ കണ്ടെത്തിയതാണ് നിരീശ്വരവാദം ഉപേക്ഷിച്ച് തന്റെ ശേഷിക്കുന്ന ജീവിതം യേശുവിനായി സമര്‍പ്പിക്കുന്നതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്

നെയ്റോബി: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ നിരീശ്വരവാദി സംഘടനയായ ‘എത്തിസ്റ്റ്‌സ് ഇന്‍ കെനിയ’യുടെ (എ.ഐ.കെ) സെക്രട്ടറി സേത്ത് മഹിംഗ തന്റെ സ്ഥാനം രാജിവെച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. യേശുവിനെ കണ്ടെത്തിയതാണ് നിരീശ്വരവാദം ഉപേക്ഷിച്ച് തന്റെ ശേഷിക്കുന്ന ജീവിതം യേശുവിനായി സമര്‍പ്പിക്കുന്നതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. യേശുവിനെ സ്വീകരിക്കുന്നതായി മഹിംഗ പ്രഖ്യാപിക്കുന്ന വീഡിയോ ഇക്കഴിഞ്ഞ ശനിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. പാസ്റ്ററിന്റേയും, നിരവധി വിശ്വാസികളുടേയുംn സാന്നിധ്യത്തില്‍ ദേവാലയത്തിനുള്ളില്‍വെച്ചായിരുന്നു പ്രഖ്യാപനം.

മഹിംഗയുടെ പ്രഖ്യാപനത്തിന് ഒടുവില്‍ “ആമേന്‍” പറഞ്ഞുകൊണ്ട് “നമുക്ക് ദൈവത്തോടു സ്തുതി പറയാം, ഹല്ലേലൂയ” എന്ന് ഒരു പാസ്റ്റര്‍ പറയുന്നതും വിശ്വാസികള്‍ കരഘോഷത്തോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. മഹിംഗ തങ്ങളുടെ സൊസൈറ്റിയില്‍ നിന്നും രാജിവെച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ‘എത്തിസ്റ്റ്‌സ് ഇന്‍ കെനിയ’ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. മഹിംഗ യേശുവിനെ കണ്ടെത്തിയെന്നും, ഇനിമുതല്‍ കെനിയയില്‍ നിരീശ്വരവാദം പ്രചരിപ്പിക്കുവാന്‍ ആഗ്രഹിക്കാത്തതിനാലാണ് രാജിയെന്നുമാണ് പ്രസ്താവന. കെനിയയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ മതനിരപേക്ഷ സൊസൈറ്റി എന്നാണ് 2016-ല്‍ സ്ഥാപിക്കപ്പെട്ട ‘എത്തിസ്റ്റ്‌സ് ഇന്‍ കെനിയ’യുടെ വെബ്സൈറ്റില്‍ പറയുന്നത്.

യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച തങ്ങളുടെ പുതിയ സഹോദരനെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി ക്രൈസ്തവരാണ് ട്വിറ്ററിലൂടെ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തിലെ മറ്റെന്തിനേക്കാളും ശക്തമായത് ദൈവത്തിന്റെ ശക്തിയാണെന്ന് മഹിംഗയെ സ്വാഗതം ചെയ്തുകൊണ്ട് ജൂലി ജെ. ബേര്‍ഡ് ട്വീറ്റ് ചെയ്തു. “എല്ലാ മുട്ടുകളും മടങ്ങും, യേശുക്രിസ്തു കര്‍ത്താവാണെന്ന് എല്ലാ നാവും ഏറ്റ് പറയും” എന്നാണ് മറ്റൊരു ട്വീറ്റ്. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് കെനിയ. 2019-ലെ കണക്ക് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 85 ശതമാനവും ക്രൈസ്തവരാണ്.

Leave A Reply

Your email address will not be published.