Ultimate magazine theme for WordPress.

പാക്ക് ക്രിസ്ത്യന്‍ പെൺകുട്ടിയുടെ നിര്‍ബന്ധിത വിവാഹം നടത്തിയ ഇസ്ലാമിക മതപുരോഹിതനു അറസ്റ്റ് വാറണ്ട്

ലാഹോര്‍: പ്രായപൂർത്തിയാകാത്ത ആർസൂ രാജ എന്ന ക്രൈസ്തവ പെൺകുട്ടിയുടെ വിവാഹം നടത്തി കൊടുത്ത ഇസ്ലാമിക മതപുരോഹിതനെതിരെ കറാച്ചിയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതുകൂടാതെ നേഹ പെർവേഴ്സ് എന്ന ക്രൈസ്തവ ബാലികയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ സഹായം ചെയ്ത അഹമ്മദ് ജാൻ റെഹീമി എന്ന മത പുരോഹിതനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. 2019 ഏപ്രിൽ മാസം വിവാഹത്തിനു മുമ്പ് നേഹയെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തിരുന്നു. സിന്ധ് ചൈൽഡ് മാര്യേജ് റീസ്ട്രെയിൻഡ് ആക്ട് 2013 പ്രകാരം പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സാണെന്ന് കോടതി വിധി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്തത് നിയമത്തിലെ പല വകുപ്പുകളുടേയും ലംഘനമാണെന്നും കോടതി പറഞ്ഞു. രണ്ടു വർഷം തടവോ, ഒരു ലക്ഷം രൂപ പിഴയോ, അതല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാൻ തക്ക കുറ്റമാണിത്. മതപരിവർത്തനം നടത്തി, നിയമവിരുദ്ധമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്ത കുറ്റവാളികൾക്ക് സഹായം ചെയ്തു കൊടുത്ത മത പുരോഹിതരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ക്രൈസ്തവ നേതാവും, മനുഷ്യാവകാശ പ്രവർത്തകനുമായ സാബിർ മൈക്കിൾ പ്രതികരിച്ചു. നിയമവിരുദ്ധമായ വിവാഹങ്ങൾ സമൂഹത്തിൽ നടക്കുന്നതിന് തടയിടാൻ പ്രതികൾക്ക് തക്കതായ ശിക്ഷ നൽകുന്നത് കാണാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മത പരിവർത്തനം നടത്തി വിവാഹം ചെയ്യുന്നതിന് തടയിടാൻ ഇപ്പോഴുള്ള നിയമം കൂടുതൽ ശക്തമായി നടപ്പാക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണെന്ന് \’പീസ് വെൽഫെയർ ആൻഡ് ഡെവലപ്മെൻറ് അസോസിയേഷൻ\’ എന്ന സർക്കാരിതര സംഘടനയുടെ അധ്യക്ഷൻ മൈക്കിൾ പറഞ്ഞു. ആര്‍സൂ രാജയുടെ വിവാഹത്തിന് കാർമികത്വം വഹിച്ച മതപുരോഹിതൻ, ഇങ്ങനെ പല നിയമവിരുദ്ധ വിവാഹങ്ങളും നടത്തി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ സമാധാനം അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന മത പുരോഹിതർക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സൂവിനെ വിവാഹിതനായ അലി അസ്ഹര്‍ എന്ന നാല്‍പ്പതുകാരന്‍ തട്ടിക്കൊണ്ടുപോയത്.

ആര്‍സൂവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും, പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് തികഞ്ഞെന്നും, അവള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും പ്രഖ്യാപിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവ് ഹാജരാക്കിയിട്ടുണ്ടെന്ന മറുപടിയായിരുന്നു രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അധികാരികളില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ഈ വാഗ്വാദങ്ങള്‍ക്കെതിരെ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി കുടുംബം രംഗത്തുവന്നെങ്കിലും ഇത് ചെവികൊള്ളാന്‍ കോടതി തയാറായിരിന്നില്ല. പിന്നീട് വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു ആര്‍സൂവിനെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിന്നു.

Leave A Reply

Your email address will not be published.