Ultimate magazine theme for WordPress.

അൽ-ഹസാക്ക ജയിലിലെ കുട്ടികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കണം: യൂണിസെഫ്

വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹസാക്കയിലെ ഘ്വൈറാൻ സൈനിക തടങ്കൽ കേന്ദ്രത്തിൽനിന്ന് ശിശുമരണങ്ങളെക്കുറിച്ചുള്ള അങ്ങേയറ്റം ആശങ്കാജനകമായ റിപ്പോർട്ടുകളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ ഡയറക്ടർ ജനറൽ ഹെൻറിയെത്ത ഫോർ അറിയിച്ചു. തടവുകാരും സുരക്ഷാ സേനയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളിൽ പങ്കെടുക്കാൻ ജയിലിലെ കുട്ടികൾ നിർബന്ധിതരാകുന്നതിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്നും ശ്രീമതി ഹെൻറിയെത്ത പ്രസ്താവിച്ചു.

വടക്കുകിഴക്കൻ സിറിയയിൽ ഏതാണ്ട് 850-ഓളം കുട്ടികളാണ് തടവിലുള്ളത്. ഇവരിൽ ചിലർ 12 വയസ്സ് മാത്രം പ്രായമുള്ളവരാണ്, ഘ്വൈറാൻ കേന്ദ്രത്തിലാണ് ഈ കുട്ടികളിൽ ഭൂരിഭാഗവും. ഇവിടെയുള്ള കുട്ടികളിൽ കൂടുതലും സിറിയയിലും ഇറാഖിലും നിന്നുള്ളവരാണ്. എന്നാൽ മറ്റ് ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ള കുട്ടികൾ. ദേശീയ-അന്തർദേശീയ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഒന്നും ചുമത്താതെയാണ് ഇവരെ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നതെന്നും, അവരിൽ പലർക്കും അവരുടെ മാതൃരാജ്യങ്ങളിൽ നിന്ന് കാര്യമായ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും യൂണിസെഫ് അറിയിച്ചു.

അന്യായമായി കുട്ടികളെ സൈനികതടങ്കലിൽ വയ്ക്കുന്നത് യുദ്ധക്കുറ്റമായി വരെ കണക്കാക്കപെടാമെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു. ഈ കുട്ടികൾക്ക് ലഭിക്കുന്ന പരിമിതമായ സേവനങ്ങളിലും, അവർ ജീവിക്കേണ്ടിവരുന്ന അവസ്ഥയിലും തങ്ങൾ ആശങ്കാകുലരാണെന്നും, തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനോ, വിദ്യാഭ്യാസസാധ്യതകൾ ലഭിക്കാനോ ഈ കുട്ടികൾക്ക് സാധിക്കുന്നില്ലെന്നും ശിശുക്ഷേമനിധി അധ്യക്ഷ അറിയിച്ചു.

നിലവിലെ സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരോടും, സാധാരണക്കാരായ മനുഷ്യരെയും, യുദ്ധരംഗത്തു നിന്ന് മാറി നിൽക്കുന്നവരെയും സംരക്ഷിക്കാനുള്ള അവരുടെ ഉത്തരവാദിത്വം, പ്രത്യേകിച്ച് ഘ്വൈറാൻ സൈനിക തടങ്കലിലും, ഹസാക്ക നഗരത്തിലുമുള്ള കുട്ടികളുടെ സുരക്ഷ, മറക്കരുതെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.