ആഫ്ടർ സ്കൂൾ സാത്താൻ ക്ലബ്ബ്, : പ്രഖ്യാപനവുമായി സാത്താനിക് ടെമ്പിൾ
കണക്റ്റിക്കട്ട്: അമേരിക്കൻ സംസ്ഥാനമായ കണക്റ്റിക്കട്ടിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയത്തിൽ സാത്താന്‍ ക്ലബ് സ്ഥാപിക്കുവാന്‍ തയാറെടുക്കുന്നു. ആഫ്ടർ സ്കൂൾ സാത്താൻ ക്ലബ്ബ്, പ്രൈമറി വിദ്യാലയത്തില്‍ ആരംഭിക്കുമെന്നാണ് സാത്താനിക് ടെമ്പിളിന്റെ പ്രഖ്യാപനം. ക്രിസ്തു വിശ്വാസം പരിഹസിച്ചും ക്രിസ്തീയ പ്രതീകങ്ങളെ അവഹേളിച്ചും പൈശാചികമായ നിരവധി പരിപാടികള്‍ നടത്തിയിട്ടുള്ള സംഘടനയാണ് സാത്താനിക് ടെമ്പിൾ.പെൻസിൽവാനിയയിലെ ഒരു വിദ്യാലയത്തിൽ സമാനമായ ക്ലബ്ബ് ആരംഭിക്കാൻ അനുവാദം നൽകണമെന്ന് ഫെഡറൽ ജഡ്ജി ഏതാനും മാസങ്ങൾക്കു മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കണക്റ്റിക്കട്ടിൽ ഇങ്ങനെ ഒരു പ്രഖ്യാപനം സാത്താനിക് ടെമ്പിൾ നടത്തിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ മതപരമായ അടയാളങ്ങൾ പാടില്ലായെന്ന് വാദിക്കുന്ന സംഘടനയാണ് സാത്താനിക് ടെമ്പിൾ. സ്കൂൾ സമയത്തിന് പുറത്ത് കുട്ടികൾക്ക് മതബോധനം നൽകുന്നതിന് ബദലായി 2016ലാണ് സംഘടന ആഫ്ടർ സ്കൂൾ സാത്താൻ ക്ലബ്ബ് ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച തങ്ങൾ കണക്റ്റിക്കട്ടിലേയ്ക്ക് വരികയാണെന്ന് സാത്താനിക് ടെമ്പിൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ലെബനോൻ എലമെന്ററി സ്കൂൾ എന്ന് വിളിക്കുന്ന വിദ്യാലയത്തിൽ ഡിസംബർ ഒന്നാം തീയതി സംസ്ഥാനത്തെ ആദ്യത്തെ ആഫ്ടർ സ്കൂൾ സാത്താൻ ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. പസിലുകളും, കായിക വിനോദങ്ങളും, പലഹാരങ്ങളും ക്ലബ്ബ് വഴി ലഭ്യമാക്കുമെന്നും സാത്താനിക് ടെമ്പിൾ പറയുന്നു.
ഇതിന് പിന്നാലെ വിദ്യാലയത്തിൽ സാത്താൻ ക്ലബ്ബ് ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. എന്നാൽ തങ്ങൾ സാത്താനെ ആരാധിക്കുന്നില്ലായെന്നും, തങ്ങളുടെത് ദൈവം ഇല്ലായെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം ആണെന്നുമാണ് ക്ലബ്ബ് അവകാശപ്പെടുന്നത്.