അബുദാബി റെസ്റ്റോറന്റ സ്‌ഫോടനം: മരിച്ചവരില്‍ മലയാളിയും
അബുദാബി: അബുദാബിയിലെ മലയാളി റസ്റ്ററന്റ് ഫൂഡ് കെയറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സംഭവത്തില്‍ 100ലേറെ ഇന്ത്യക്കാര്‍ക്കു പരുക്കേറ്റതായി ഇന്ത്യന്‍ എംബസി പറഞ്ഞു. അപകടത്തില്‍ സാരമായി പരുക്കേറ്റ 56 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരെ അബുദാബി ആരോഗ്യവിഭാഗം, ഇന്ത്യന്‍ അധികൃതര്‍ സന്ദര്‍ശിച്ചു. മരിച്ച രണ്ട് പേരില്‍ ഒരാള്‍ മലയാളിയായ ശ്രീകുമാര്‍ രാമകൃഷ്ണന്‍ നായരാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതാണെന്ന് കരുതുന്നു. മറ്റൊരാള്‍ പാക്കിസ്ഥാന്‍ പൗരനാണ്. പരുക്കേറ്റവരുടെ ആരോഗ്യത്തെക്കുറിച്ച് ആശുപത്രിയധികൃതരുമായി അബുദാബി ആരോഗ്യ വിഭാഗം ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹാമിദ്, അണ്ടര്‍ സെക്രട്ടറി ഡോ.ജമാല്‍ മുഹമ്മദ് കഅബി എന്നിവര്‍ ചര്‍ച്ച നടത്തി. അബുദാബിയിലെ ഖാലിദിയയില്‍ കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, കോഴിക്കോട് സ്വദേശി ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ഫൂഡ് കെയര്‍ റസ്റ്ററന്റില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സ്‌ഫോടനം നടന്നത്. കേന്ദ്രീകൃത പാചകവാതക സംഭരണിയില്‍ വാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോര്‍ച്ചയെ തുടര്‍ന്നായിരുന്നു സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്.