മനാമ: മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി പെന്തെക്കോസ്ത് സഭയായ ഇന്ത്യാ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐ.പി.സി ബഹ്റൈൻ) സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹീത സമാപ്തി. ഏഴ് പതിറ്റാണ്ടുകളായി സഭയെ വഴിനടത്തുകയും നിലനിർത്തുകയും ചെയ്ത ദൈവത്തിന്റെ സ്നേഹത്തിനും കരുതലിനും വിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്നതിനായി സംഘടിപ്പിച്ച ദ്വിദിന ജൂബിലി സമ്മേളനം നവംബർ 13, 14 തീയതികളിൽ ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. മീറ്റിംഗിൽ പ്രശസ്ത ക്രൈസ്തവ പ്രഭാഷകരായ പാസ്റ്റർ ബാബു ചെറിയാൻ (പിറവം), റവ. എബ്രഹാം ഉമ്മൻ (യു.എസ്.) എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു. “ക്രിസ്തുവിൽ വളരുക” (Grow in Christ) എന്നതായിരുന്നു ജൂബിലി സമ്മേളനത്തിന്റെ പ്രമേയം.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “Melodies of His Faithfulness” എന്ന പ്രത്യേക സംഗീതസന്ധ്യ ശ്രദ്ധേയമായി. ബ ഹ്റൈനിലെ വിവിധ സഭകളിൽ നിന്നുള്ള ഗായകസംഘങ്ങൾ ദൈവത്തിന്റെ വിശ്വസ്തതയും മഹത്വവും വർണിക്കുന്ന ഗാനങ്ങൾ ആലപിച്ചു. ഐ.പി.സി ബഹ്റൈൻ ക്വയറും സംഗീതസന്ധ്യയിൽ പങ്കുചേർന്നു. സഭയുടെ ഏഴ് പതിറ്റാണ്ടുകൾ നീണ്ട ആത്മീയചരിത്രവും ദൈവിക നടത്തിപ്പിന്റെ സാക്ഷ്യങ്ങളും അനുഭവങ്ങളും കോർത്തിണക്കിയ “പ്ലാറ്റിനം ജൂബിലി സുവനീർ” മീറ്റിംഗിൽ പ്രകാശനം ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയായി സഭയുടെ വളർച്ചയിലും വിവിധ പ്രവർത്തനങ്ങളിലും ആത്മീയ ശുശ്രൂഷകളിലും പങ്കാളികളായ അംഗങ്ങളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. സഭയുടെ ദീർഘകാലത്തെ ആത്മീയ പ്രയാണവും പെന്തെക്കോസ്ത് സമൂഹത്തിന് നൽകിയ സംഭാവനകളും അനുസ്മരിച്ചുകൊണ്ട് വിശിഷ്ടാതിഥികളും സഭാനേതാക്കളും ആശംസകൾ അറിയിച്ചു. ദൈവവചനത്താലും ആരാധനയാലും കൂട്ടായ്മയാലും അനുഗ്രഹീതമായ ഈ സമ്മേളനം പങ്കെടുത്ത ഓരോരുത്തർക്കും മറക്കാനാവാത്ത ആത്മീയ അനുഭവമായി മാറി.
ഏഴ് പതിറ്റാണ്ടുകളായി സഭയെ വഴിനടത്തിയ ദൈവത്തിന്റെ അളവറ്റ കൃപയ്ക്കും വിശ്വസ്തതയ്ക്കും സ്തോത്രവും മഹത്വവും അർപ്പിച്ചുകൊണ്ട് പ്ലാറ്റിനം ജൂബിലി സമ്മേളനം അനുഗ്രഹീതമായി സമാപിച്ചു.

Comments are closed.