നവാപ്പൂർ : ഉത്തരഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ നവാപ്പൂർ കൺവെൻഷൻ നവംബർ 12 മുതൽ 15 വരെ മഹാരാഷ്ട്രയിലെ നന്ദൂർബാം ജില്ലയിൽപ്പെട്ട നവാപ്പൂർ ഫിലദൽഫിയ കൺവെൻഷൻ സെന്ററിൽ നടക്കും. നവംബർ 12 ന് രാവിലെ 8 ന് ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ ജനറൽ ഓവർസിയർ റവ. ജോയി പുന്നൂസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ നൂറുദ്ദീൻ മുള്ള, റെജി മാത്യു, ഡോ. റോജി ജെ. ജോർജ് എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം പ്രസംഗിക്കും. ഫിലദൽഫിയ കൊയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൺവെൻഷനോടനുബന്ധിച്ച് ശുശ്രൂഷക സമ്മേളനം, ഫിലദൽഫിയ ബൈബിൾ കോളേജ് ബിരുദദാനം, മെഡിക്കൽ ക്യാമ്പ്, സഹോദരി സമ്മേളനം എന്നിവയും നടക്കും. മരുഭൂമിയുടെ അപ്പോസ്തോലനായിരുന്ന ഡോ. തോമസ് മാത്യു തുടക്കം കുറിച്ച ഈ കൺവെൻഷൻ ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയാണ് ഈ ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള 1500-ൽ പരം സഭകളിൽ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ ഈ വാർഷിക കൺവെൻഷനിൽ പങ്കെടുക്കും. പാസ്റ്റർമാരായ റെജി തോമസ്, അനിൽ മാത്യു, ഏബ്രഹാം കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് 09829666869 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments are closed.