പാറശ്ശാല: സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിന്റെ (SPC) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറശ്ശാല യഹോവ നിസ്സി എ.ജി. ചർച്ചിൽ സംഘടിപ്പിച്ച സഭാവളർച്ചാ സെമിനാർ അനുഗ്രഹീതമായി സമാപിച്ചു.
സഭാവളർച്ചയിൽ പാസ്റ്റർ കുടുംബത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ SPC തിരുവനന്തപുരം ജില്ലാ പ്രസിഡന്റും എ.ജി. സൗത്ത് ഡിസ്ട്രിക്ട് സൂപ്രണ്ടന്റുമായ റവ. എൻ. പീറ്റർ, വേദാധ്യാപകനും സുവിശേഷ പ്രഭാഷകനുമായ റവ. ആർ.കെ. ഗോഡ്സൺ എന്നിവർ ക്ലാസുകൾ നയിച്ചു.
SPC കൊല്ലങ്കോട് മേഖലാ പ്രസിഡന്റ് പാസ്റ്റർ എം. ജ്ഞാനസെൽവൻ സംഘടനയുടെ പ്രവർത്തനരീതികളും ലക്ഷ്യങ്ങളും വിശദീകരിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു സി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിന്റെ ഭാഗമായി അഞ്ച് പതിറ്റാണ്ടിലേറെയായി പൂർണ്ണസമയ ശുശ്രൂഷയിൽ വ്യാപൃതരായ ദൈവദാസന്മാരെ മെമന്റോ നൽകി ആദരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന ശുശ്രൂഷകർക്കും അവരുടെ ഭാര്യമാർക്കും ചികിത്സാസഹായവും വിതരണം ചെയ്തു. ശുശ്രൂഷകരുടെ സമർപ്പിത ജീവിതത്തെ ആദരിക്കുകയും അർഹരായവർക്ക് കരുതലിന്റെ കൈത്താങ്ങ് നൽകുകയും ചെയ്ത പരിപാടി ശ്രദ്ധേയമായി.
തിരുവനന്തപുരം ജില്ലയുടെ വിവിധ മേഖലകളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും താലൂക്കുകളിൽ നിന്നുമായി നൂറുകണക്കിന് ദൈവദാസന്മാരും കുടുംബാംഗങ്ങളും സെമിനാറിൽ പങ്കെടുത്തു.
SPC ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എ. ദൈവദാനം, ജില്ലാ ട്രഷറർ പാസ്റ്റർ വൈ. ഗോഡ്വിൻ, കാട്ടാക്കട മേഖലാ പ്രസിഡന്റ് പാസ്റ്റർ സത്യദാസ്, നെടുമങ്ങാട് മേഖലാ പ്രസിഡന്റ് പാസ്റ്റർ കനകരാജ്, നെയ്യാറ്റിൻകര മേഖലാ പ്രതിനിധി പാസ്റ്റർ രാജേഷ് പൊന്നമ്പി തുടങ്ങിയവരും വിവിധ യൂണിറ്റ് പ്രതിനിധികളും സംഘാടനത്തിന് നേതൃത്വം നൽകി.
സഭകളുടെ ആത്മീയ വളർച്ചയ്ക്കും ശുശ്രൂഷക കുടുംബങ്ങളുടെ ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് SPC ജില്ലാ പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.
വാർത്ത: പാ. ഫ്രെഡി കൂർഗ്

Comments are closed.