വാഷിംഗ്ടൺ: പ്രശസ്ത അമേരിക്കൻ ടെലിവിഷൻ സുവിശേഷ പ്രസംഗകനും ദി പി.ടി.എൽ ക്ലബ് മാധ്യമ ശൃംഖലയുടെ സ്ഥാപകനുമായ ജിം ബെക്കർ( 86 )അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് ഭാര്യ ലോറി ബെക്കർ അറിയിച്ചു.
1974ൽ ആദ്യ ഭാര്യ ടാമി ഫേയുമായി ചേർന്ന് ആരംഭിച്ച ദി പി.ടി.എൽ ക്ലബ് മാധ്യമ ശൃംഖലയിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ നേടിയത്. പ്രതിദിനം 1.3 കോടി പ്രേക്ഷകരുണ്ടായിരുന്ന ഈ ടെലിവിഷൻ സാമ്രാജ്യം വൻ വ്യവസായമായി വളരുകയും സ്വന്തമായി തീം പാർക്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ 1980കളുടെ അവസാനത്തിൽ ഉയർന്ന ലൈംഗിക ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും അദ്ദേഹത്തിന്റെ വീഴ്ചയ്ക്ക് കാരണമായി. തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട് നാല് വർഷത്തോളം ജയിൽവാസം അനുഭവിച്ച അദ്ദേഹം പിന്നീട് രണ്ടാം ഭാര്യയോടൊപ്പം ടെലിവിഷൻ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

Comments are closed.