ആസാം : 2022 ജനുവരി മാസത്തിൽ കേവലം 10 പ്രവർത്തകരുമായി ആരംഭിച്ച ഷാരോൺ ഫെലോഷിപ്പ് ചർച്ച് നോർത്ത് ഈസ്റ്റ് സോണിന്റെ ശുശ്രൂഷകൾ ഇന്ന് 7 സംസ്ഥാനങ്ങളിലായി 91 പ്രവർത്തകരിലേക്ക് വിപുലപ്പെട്ടിരിക്കുന്നു. ദീർഘനാളത്തെ പ്രാർത്ഥനയുടെ ഫലമായി ആസ്സാമിലെ ദരംഗയിൽ ആരംഭിച്ച ഗുഡ്ഹോപ്പ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പുതിയ സഭാഹാളിന്റെയും സമർപ്പണം 2026 സെപ്റ്റംബർ 18-ന് ഭക്തിനിർഭരമായി നടന്നു.
എസ്.എഫ്.സി നോർത്ത് ഈസ്റ്റ് സോൺ ഡയറക്ടർ പാസ്റ്റർ ഡാനിയൽ വില്യംസ്, അസിസ്റ്റന്റ് ഡയറക്ടർ പാസ്റ്റർ സാം തോമസ്, കോർഡിനേറ്റർ പാസ്റ്റർ ജൂബി ജോൺ, സെക്രട്ടറി പാസ്റ്റർ പൊന്നച്ചൻ ജോർജ്ജ് എന്നിവർ സമർപ്പണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ക്രിസ്ത്യൻ യുണൈറ്റഡ് ഫോറം പ്രസിഡന്റ് പാസ്റ്റർ കെ.സി. ബോറോ, ബാപ്റ്റിസ്റ്റ് ചർച്ച് ജനറൽ എക്സിക്യൂട്ടീവ് പാസ്റ്റർ കുമുദ് മുഷാരി എന്നിവർ ആശംസകൾ അറിയിച്ചു.
ആരാധനാലയം, പാഴ്സനേജ്, രണ്ട് ഡോർമിറ്ററികൾ, ഡൈനിങ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഗുഡ്ഹോപ്പ് കാമ്പസ്. നിലവിൽ പാസ്റ്റർ ജിനോയ് കെ. ഈ പ്രാദേശിക സഭയിൽ ദൈവവചന ശുശ്രൂഷ നിർവ്വഹിച്ചുവരുന്നു. ദരംഗയിലെയും ചുറ്റുവട്ടത്തെയും സഭാ ശുശ്രൂഷകളുടെ തുടർന്നുള്ള വളർച്ചയ്ക്കായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം സഭാ നേതൃത്വം അഭ്യർത്ഥിച്ചു.

Comments are closed.