പഞ്ചാബ് : പാകിസ്ഥാനിലെ മുരിദ്കെയിൽ ചെരുപ്പ് ഫാക്ടറിയിലെ കൂലിത്തർക്കത്തെത്തുടർന്നുണ്ടായ തർക്കത്തിൽ 22 കാരനായ പ്രേം മസീഹ് എന്ന ക്രൈസ്തവ യുവാവ് വെടിയേറ്റു മരിച്ചു. ബ്രിട്ടീഷ് ഏഷ്യൻ ക്രിസ്ത്യൻ അസോസിയേഷൻ ആണ് ഈ ദാരുണമായ സംഭവം പുറത്തുവിട്ടത്.
പ്രേമിന്റെ ജ്യേഷ്ഠൻ ഷെഹ്റോസ് ഫാക്ടറിയിൽ നിന്ന് തനിക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക ചോദിച്ചതാണ് ഉടമകളെ പ്രകോപിപ്പിച്ചത്. തുടർന്ന് ജൂൺ 10-ന് രാത്രി ആയുധധാരികളായ സംഘം ഇവരുടെ വീട് ആക്രമിക്കുകയും പ്രേമിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ലാഹോറിലെ ആശുപത്രിയിലാണ് മരണമടഞ്ഞത്.
സംഭവത്തിൽ പാക് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവർ നേരിടുന്ന കടുത്ത സുരക്ഷാഭീഷണിയുടെയും വിവേചനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് ഈ കൊലപാതകമെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

Comments are closed.