ബൊഗോട്ട: ജൂൺ 21-ന് നടക്കുന്ന കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി, നിയമവിരുദ്ധ സായുധ ഗ്രൂപ്പുകൾ വോട്ടർമാരെയും മതനേതാക്കളെയും ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട്. അരൗക്ക, കൗക്ക തുടങ്ങിയ പ്രവിശ്യകളിലെ ഗ്രാമീണ മേഖലകളിൽ നിന്നുമാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള കടുത്ത ഭീഷണികൾ ഉയരുന്നത്.
വലതുപക്ഷ സ്ഥാനാർത്ഥി അബെലാർഡോ ഡി ലാ എസ്പ്രിയെല്ലയെ പിന്തുണയ്ക്കരുതെന്ന് ഇടതുപക്ഷ ഗറില്ലാ ഗ്രൂപ്പായ ഇ.എൽ.എൻ (ELN) പാസ്റ്റർമാർക്ക് കർശന മുന്നറിയിപ്പ് നൽകിയതായി മനുഷ്യാവകാശ സംഘടനയായ സി.എസ്.ഡബ്ല്യു (CSW) സ്ഥിരീകരിച്ചു. പുതിയ പള്ളികൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും നിലവിലുള്ളവ മതിയെന്നും സമ്മേളനങ്ങളിൽ ഗറില്ലകൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, മറ്റൊരു വിമത സായുധ ഗ്രൂപ്പായ ഫാർക്ക് (FARC), വോട്ടർമാരുടെ വോട്ടുകൾ തങ്ങൾ നിരീക്ഷിക്കുമെന്ന് ജനങ്ങളെ അറിയിക്കാൻ പാസ്റ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലഘുലേഖകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ എന്നിവ വഴി വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറിന്റെ ചിത്രം ഫോണിൽ പകർത്തി തങ്ങളെ കാണിക്കണമെന്നും ഇവർ വോട്ടർമാരെ നിർബന്ധിക്കുന്നതായി ഗവർണർ ലൂയിസ് ഫ്രാൻസിസ്കോ മുന്നറിയിപ്പ് നൽകി. \

Comments are closed.