വസായ്-മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള വസായ്-മുംബൈ-അഹമ്മദാബാദ് ദേശീയപാതയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന പ്രമുഖ ക്രൈസ്തവ ആരാധനാലയം വസായ് വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ (VVCMC) അധികൃതർ പൊളിച്ചുനീക്കി. ‘ആശിഷ് പ്രാർത്ഥനാ കേന്ദ്രം’ എന്ന പേരിൽ നയ് ഗാവ് ഈസ്റ്റിലെ പാൽഘർ എന്ന സ്ഥലത്ത് ദീർഘവർഷങ്ങളായി പ്രവർത്തിച്ചിരുന്ന താൽക്കാലിക പ്രാർത്ഥനാ ഹാളാണ് മെയ് 29-ന് വൻ പോലീസ് കാവലിൽ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഈ കേന്ദ്രത്തിൽ ബജ്‌രംഗ് ദൾ പ്രവർത്തകർ അതിക്രമിച്ചു കയറി ആരാധന തടസ്സപ്പെടുത്തിയതിനെത്തുടർന്ന് മേഖലയിൽ വലിയ രീതിയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.
തുടർന്ന് മെയ് 28-ന് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ ഈ കെട്ടിടം പൂർണ്ണമായും അനധികൃത നിർമ്മാണമാണെന്ന് ചൂണ്ടിക്കാണിച്ച് 24 മണിക്കൂറിനകം പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകുകയായിരുന്നു. നോട്ടീസ് കാലാവധി തികയുന്നതിന് മുൻപ് തന്നെ തൊട്ട് അടുത്ത ദിവസം വൻ പോലീസ് സന്നാഹവുമായി എത്തിയ അധികൃതർ ആരാധനാലയം തകർക്കുകയായിരുന്നു. മുംബൈ സ്വദേശിയായ സുവിശേഷകൻ സെബാസ്റ്റ്യൻ മാർട്ടിൻ തുടക്കം കുറിച്ച ഈ പ്രാർത്ഥനാ കേന്ദ്രത്തിന് നിലവിൽ വന്ദനാ കൊലാസോ എന്ന വനിതയാണ് നേതൃത്വം നൽകുന്നത്. ഏകദേശം 30,000 ചതുരശ്ര അടി F വിസ്തീർണ്ണമുള്ള സ്ഥലത്ത് ഷെഡ് കെട്ടിയാണ് ഈ ആരാധനാലയം പ്രവർത്തിച്ചിരുന്നത്.
കെട്ടിടത്തിന് നോൺ റസിഡൻഷ്യൽ പ്രോപ്പർട്ടി നമ്പറുകൾ (JC01/1806/6) നിലവിലുണ്ടായിരുന്നിട്ടും, നിർമ്മാണം പൂർണ്ണമായും ചട്ടവിരുദ്ധമാണെന്നാണ് മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളിൽ നൂറുകണക്കിന് ആരാധനാലയങ്ങൾക്ക് സാധാരണയായി മുനിസിപ്പാലിറ്റികൾ മുൻകൂർ അനുമതി നൽകാറില്ലെന്നും, പിന്നീട് താൽക്കാലിക അംഗീകാരത്തോടെ വൈദ്യുതി കണക്ഷൻ ഉൾപ്പെടെ വാങ്ങുന്ന രീതിയാണ് ഉള്ളതെന്നും പ്രാദേശിക സഭകൾ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് അടുത്തിടെ പാസാക്കിയ കർശനമായ മതപരിവർത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ, തീവ്ര ഹിന്ദുത്വ സംഘടനകൾ ഇത്തരം പ്രാദേശിക സഭകളെ ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് സഭാ വക്താക്കൾ ആരോപിച്ചു.

Comments are closed.