മെക്സിക്കോ : മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽ അരക്ഷിതാവസ്ഥയും സംഘടിത കുറ്റകൃത്യങ്ങളും അക്രമങ്ങളും അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സമാധാനത്തിനായുള്ള വൻ ആഹ്വാനവുമായി കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ വൻ റാലി നടത്തി. മെയ് 16 ശനിയാഴ്ച നടന്ന സമാധാന റാലിക്ക് മെക്സിക്കൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് മോൺസിഞ്ഞോർ റാമോൺ കാസ്ട്രോ കാസ്ട്രോ നേതൃത്വം നൽകി. നമ്മുടെ ദൈവം ഇരകളുടെ നിലവിളി കേൾക്കുന്നുണ്ടെന്നും അവരോടൊപ്പം ചരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, അക്രമം, നിർബന്ധിത കുടിയേറ്റം, ദാരിദ്ര്യം എന്നിവ മൂലമുണ്ടാകുന്ന കടുത്ത വേദനയിലാണ് മിക്ക മെക്സിക്കൻ കുടുംബങ്ങളും കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി.
മെക്സിക്കൻ ജനതയിൽ ഭൂരിഭാഗവും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പല പ്രദേശങ്ങളെയും ബാധിക്കുന്ന വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും അവർ സമാധാനത്തിന്റെ വക്താക്കളായി മാറാൻ ആഗ്രഹിക്കുകയാണെന്നും ബിഷപ്പ് ഊന്നിപ്പറഞ്ഞു. അക്രമങ്ങളുടെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനും, സമാധാനത്തിനായുള്ള പ്രാർത്ഥന പ്രോത്സാഹിപ്പിക്കുവാനും, കുറ്റകൃത്യങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കുമെതിരെ ശക്തമായ നിയമനടപടിയെടുക്കാൻ ഭരണാധികാരികളെ പ്രേരിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് സഭാനേതൃത്വം ഈ റാലി സംഘടിപ്പിച്ചത്.

Comments are closed.