വാഷിംഗ്ടൺ : ആഗോള വ്യാപാര തർക്കങ്ങൾക്കും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കും ഇടയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെയ് 14-ന് ചൈന സന്ദർശിക്കുന്നത് ലോകം അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. 2017-ന് ശേഷം ഇതാദ്യമായാണ് ട്രംപ് ചൈനയിലെത്തുന്നത്. ഇറാന്റെ എണ്ണവ്യാപാരത്തിന്മേൽ ചൈന നിയന്ത്രണം ഏർപ്പെടുത്തണമെന്നതാണ് ഈ കൂടിക്കാഴ്ചയിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. ഇറാന്റെ എണ്ണവാങ്ങുന്ന അഞ്ച് ചൈനീസ് കമ്പനികൾക്കുമേൽ അമേരിക്ക ഇതിനോടകം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതികൾ തടയാനും മേഖലയിൽ സമാധാനം കൊണ്ടുവരാനും ചൈനയുടെ സഹകരണം അനിവാര്യമാണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
ഇറാൻ വിഷയത്തിന് പുറമെ സാമ്പത്തിക മേഖലയിലും നിർണ്ണായകമായ ചർച്ചകൾ നടക്കും. അമേരിക്കയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളും വിമാനങ്ങളും ചൈന കൂടുതൽ വാങ്ങണമെന്ന നിലപാടിലാണ് ട്രംപ്. ഇതിനായി ഒരു ‘ബോർഡ് ഓഫ് ട്രേഡ്’ രൂപീകരിക്കുന്നതും പരിഗണനയിലുണ്ട്. എന്നാൽ ചൈനീസ് വാഹനങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ പ്രവേശനം വേണമെന്ന ആവശ്യം ഷി ജിൻപിംഗും ഉന്നയിച്ചേക്കാം. എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഈ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ധാരണകൾ ആഗോള വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

Comments are closed.