Ultimate magazine theme for WordPress.

“ഓർക്കുക ഒന്നും ശാശ്വതമല്ല..”

എന്റെ പ്രവർത്തന മേഖല വ്യത്യസ്തം ആയത് കൊണ്ട് പൊതുവെ രാഷ്ട്രീയ നിലപാടുകൾ സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്ന ഒരു പതിവ് എനിക്ക് ഇല്ല. വിദ്യാർത്ഥി കാലം മുതൽ ഇടതുപക്ഷ ചിന്താഗതിയിൽ തൽപരൻ ആയിരുന്നു. പലപ്പോഴും ഇടത് പക്ഷ ചിന്താഗതികളെ ചെറിയ തോതിൽ എങ്കിലും ന്യായീകരിക്കാൻ ശ്രമിച്ചിരുന്നതിനാൽ സ്നേഹിതരിൽ പലരും ഇന്നും സഖാവ് പാസ്റ്റർ എന്ന് വിളിക്കുന്നതും ഓർക്കുന്നു. എന്നിരിക്കിലും നിലവിലെ ഇടതുപക്ഷ പരാജയം ചിന്തിപ്പിക്കുന്ന ചിലത് കുറിക്കാൻ ആഗ്രഹിക്കുന്നു. ഇത് തികച്ചും വ്യക്തിപരമായ കാഴ്ചപ്പാടുകൾ ആണ്. മാന്യമായ അഭിപ്രായങ്ങൾ യോജിച്ചോ അല്ലാതെയോ രേഖപ്പെടുത്തുന്നതും ഉചിതമായിരിക്കും.

ജനാധിപത്യത്തിൽ ഒരൊറ്റ സത്യമാണ് ഉറച്ചത്. അത് “അധികാരം ശാശ്വതമല്ല, ജനത്തിന്റെ മനസ്സാണ് അവസാന വാക്ക് “ എന്നതാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് അതുതന്നെയാണ്. അധികാരം കൈവശമുണ്ടെന്ന ആത്മവിശ്വാസം, പലപ്പോഴും “ഞാനാണ് ശരി” എന്ന ഏകാധിപത്യ ചിന്തയിലേക്ക് വഴിമാറുമ്പോൾ, ജനങ്ങൾ ശാന്തമായി കാത്തിരുന്നു ഒരു ദിവസം അവരുടെ വിധി രേഖപ്പെടുത്തും.

എൽ.ഡി.എഫ് നേരിട്ട ഈ തിരിച്ചടിയും അതുപോലൊരു സന്ദേശമാണ്. ഇത് വെറും ഒരു രാഷ്ട്രീയ തോൽവി മാത്രമല്ല; “ഏകാധിപത്യം” എന്ന മനോഭാവത്തിനെതിരായ ഒരു നിർണ്ണായകമായ വിധിയാണ്. ജനാധിപത്യത്തിൽ ശബ്ദങ്ങൾ കേൾക്കപ്പെടണം, അഭിപ്രായങ്ങൾ മാനിക്കപ്പെടണം, വിമർശനങ്ങൾ സ്വീകരിക്കപ്പെടണം. എന്നാൽ അധികാരം ഉറപ്പാണെന്ന് കരുതുന്നവർ, പലപ്പോഴും ഈ അടിസ്ഥാനങ്ങളെ അവഗണിക്കുന്നു.

“എപ്പോഴും ഞാൻ ശരിയാണ്” എന്ന ചിന്തയാണ് എല്ലാ വീഴ്ചകളുടെയും ആരംഭം. ഈ ചിന്ത മനുഷ്യനെ കേൾക്കാത്തവനാക്കുന്നു, കാണാത്തവനാക്കുന്നു, ഒടുവിൽ യാഥാർത്ഥ്യത്തിൽ നിന്ന് അകറ്റുന്നു. ഒരിക്കൽ ഉയർന്നിരുന്ന നേതാക്കളും സംവിധാനങ്ങളും ഇതേ മനോഭാവം കൊണ്ടാണ് ചരിത്രത്തിൽ വീണുപോയത്.

ബൈബിൾ നമ്മെ ഇതിൽ വളരെ വ്യക്തമായൊരു പാഠം പഠിപ്പിക്കുന്നു. സദൃശ്യവാക്യങ്ങൾ 16:18 പറയുന്നു:
“നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.”
ഫറവോൻ തന്റെ ഹൃദയം കടുപ്പിച്ചതിനാൽ തന്റെ രാജ്യം നഷ്ടപ്പെടുത്തി…
നെബൂഖദ്നേസർ തന്റെ മഹത്വത്തിൽ നിഗളിച്ചതിനാൽ ഒരു കാലത്ത് മനുഷ്യരിൽ നിന്ന് നീക്കപ്പെട്ടു…
ശൗൽ രാജാവ് തന്റെ തീരുമാനങ്ങളിൽ മാത്രം ഉറച്ചുനിന്നപ്പോൾ ദൈവത്തിന്റെ അനുഗ്രഹം നഷ്ടപ്പെട്ടു..

ഇവരൊക്കെ ഒരു പൊതു തെറ്റാണ് ചെയ്തതു. “ഞാൻ മാത്രമാണ് ശരി” എന്ന ധാരണയിൽ നിന്നു മാറാൻ തയ്യാറായില്ല.

ജനവിധി ഇന്ന് നമ്മെ പഠിപ്പിക്കുന്നത് ഇതുതന്നെയാണ്:
ഒന്ന്, അധികാര ഭാവം അല്ല, മറിച്ച് വിനയം നിലനിൽക്കും..
ശക്തി അടിച്ചേൽപ്പിക്കൽ അല്ല, മറ്റുള്ളവരെ കേൾക്കുന്ന ഹൃദയം നിലനിൽക്കും..
ഭരണം അല്ല, സേവനമാണ് ദീർഘകാലം നിലനിൽക്കുന്നത്..

ഓരോ നേതാവും, ഓരോ വ്യക്തിയും ഇന്ന് സ്വയം ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട്:
“എന്റെ വഴിയാണ് എല്ലായ്പ്പോഴും ശരിയെന്ന് ഞാൻ കരുതുന്നുണ്ടോ?”

മാറ്റം മറ്റൊരാളിൽ നിന്ന് തുടങ്ങേണ്ടതില്ല.. അത് നമ്മിൽ നിന്നുതന്നെ ആരംഭിക്കണം.
വിനയം, കേൾക്കാനുള്ള മനസ്സ്, തിരുത്തപ്പെടാനുള്ള തയ്യാറെടുപ്പ്. ഇവയാണ് ഒരാളെ ഉയർത്തുന്ന യഥാർത്ഥ ഗുണങ്ങൾ.

ജനാധിപത്യത്തിന്റെ ഈ വിധി ഒരു മുന്നറിയിപ്പാണ്.
ഏകാധിപത്യം നിലനിൽക്കില്ല. അഹങ്കാരം ഉയർന്നാലും, അത് ഒടുവിൽ താഴും.

അവസാനമായി, ഒരു ആത്മീയ സത്യം:
“..എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു”

അതുകൊണ്ട്, “എപ്പോഴും ഞാൻ ശരി” എന്ന് കരുതുന്നവർ
ഒരു നിമിഷം നിർത്തി ചിന്തിക്കണം.
കാരണം, ശരിയാകുന്നത് വാദത്തിൽ അല്ല, വിനയത്തിലാണ്.

സ്നേഹത്തോടെ,
ഗ്ലാഡ്സൺ വർഗ്ഗീസ്

Sharjah city AG

Comments are closed.