ഗസ്സ : ഗസ്സയിൽ ഇസ്രായേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും മകൻ സലാഹും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് സമീപമുള്ള അൽ നിമാലിൽ നടന്ന ഡ്രോൺ ആക്രമണത്തിലാണ് കമാൻഡറും മകനും കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റു രണ്ടുപേർ കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഗസ്സയിലെ പ്രതിരോധ ഏജൻസിയുടെ കണക്കുപ്രകാരം, ഇസ്രായേൽ നടത്തിയ ഈ ആക്രമണങ്ങളിൽ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു ആക്രമണം നടന്നത് ഖാൻ യൂനിസിലാണ്. ഇവിടെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ആദിൽ അൽ നജാർ എന്ന ഒൻപതു വയസ്സുകാരൻ കൊല്ലപ്പെട്ടത്. ഒക്ടോബറിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും, ഗസ്സയിലെ സംഘർഷങ്ങൾക്കും ആക്രമണങ്ങൾക്കും കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് ഇസ്രായേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Comments are closed.