നേപ്പാൾ : നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 35-കാരനായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിലായി. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ‘ജെൻ സി’ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടെയുണ്ടായ നരഹത്യാ കേസിലാണ് ഈ നടപടി. ഭക്താപൂരിലെ വസതിയിൽ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഒലിയെ കസ്റ്റഡിയിലെടുത്തത്. റാപ്പറും എഞ്ചിനീയറുമായ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ പ്രവേശനവും വമ്പൻ വിജയവും നേപ്പാൾ രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ പ്രക്ഷോഭങ്ങളിൽ എഴുപതിലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒലിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഉത്തരവിട്ടവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബാലേന്ദ്ര ഷായുടെ മന്ത്രിസഭ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ് നടന്നത്. കഴിഞ്ഞ വർഷം അവസാനം മുതൽ തന്നെ ഒലിക്കും രമേശ് ലേഖകിനും വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Comments are closed.