ലഡാക്ക് : സൂര്യനിൽ അതിശക്തമായ കാന്തിക സ്ഫോടനവും വൻ സൌരജ്വാലയും ഉണ്ടായതായി അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ സ്ഥിരീകരിച്ചു. കോടിക്കണക്കിന് ടൺ പ്ലാസ്മയും കാന്തിക തരംഗങ്ങളും അടങ്ങിയ ഈ സൌരക്കാറ്റ് സെക്കൻഡിൽ 1400 കിലോമീറ്റർ വേഗതയിലാണ് ഇപ്പോൾ ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്നത്.
ഭൂമിയുടെ കാന്തികവലയത്തെ വൻതോതിൽ സ്വാധീനിക്കാൻ ശേഷിയുള്ള ജി3 വിഭാഗത്തിൽപ്പെട്ട ശക്തമായ ഭൌമകാന്തിക കൊടുങ്കാറ്റ് ഇതിന്റെ ഫലമായി ഉണ്ടായേക്കാം. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളെയും കപ്പൽ ഗതാഗതത്തെയും ഇത് താൽക്കാലികമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ മുന്നറിയിപ്പ് നൽകുന്നു.
ഈ സൌരക്കാറ്റിന്റെ സ്വാധീനം കാരണം ഇന്ത്യയുടെ വടക്കൻ മേഖലകളിലും അപൂർവ്വമായ ധ്രുവദീപ്തി (ഔറോറ) ദൃശ്യമാകാൻ സാധ്യതയുണ്ട്. ലഡാക്ക് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ആകാശം തെളിഞ്ഞുനിന്നാൽ നഗ്നനേത്രങ്ങളാൽ ഈ ആകാശവിസ്മയം കാണാമെന്നതിനാൽ മധ്യ യൂറോപ്പ്, വടക്കൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഫോട്ടോഗ്രാഫർമാരും വലിയ തയാറെടുപ്പിലാണ്.

Comments are closed.