ഇസ്ലാമാബാദ് : പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ റിംഷ കോളനിയിൽ താമസിക്കുന്ന ക്രൈസ്തവ കുടുംബങ്ങളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് വീടില്ലാതാകുമെന്ന ഭീഷണി നേരിടുന്നത്. നഗര വികസനത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് സഭാനേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു.
തങ്ങളുടെ അന്തസ്സും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ക്രൈസ്തവർ ഇസ്ലാമാബാദിൽ സമാധാനപരമായ പ്രതിഷേധ ധർണ്ണ നടത്തി. ശുചീകരണ തൊഴിലാളികളും ദിവസവേതനക്കാരുമായ സാധാരണക്കാരാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരിലധികവും. കൃത്യമായ പുനരധിവാസ പദ്ധതികളില്ലാതെ തങ്ങളെ തെരുവിലേക്ക് ഇറക്കിവിടരുതെന്ന് പ്രതിഷേധക്കാർ സർക്കാരിനോട് അഭ്യർത്ഥിച്ചു. പാക് സർക്കാരിന്റെ നടപടി സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന മതന്യൂനപക്ഷങ്ങളെ കൂടുതൽ പാർശ്വവൽക്കരിക്കുന്നതാണെന്ന് ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി. .

Comments are closed.