പുതിയ സംഘടനകളല്ല, ഇന്റർ ചർച്ച് കൗൺസിൽ ശക്തിപ്പെടുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യം: പാസ്റ്റർ ഒ.എം. രാജുകുട്ടി
തിരുവല്ല: പെന്തക്കോസ്ത് സമൂഹത്തിൽ പുതിയ ഐക്യ സംഘടനകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നിലവിലുള്ള പെന്തക്കോസ്ത് ഇന്റർ ചർച്ച് കൗൺസിൽ ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി ജനറൽ സെക്രട്ടറി പാസ്റ്റർ ഒ.എം. രാജുകുട്ടി.
2002-03 കാലഘട്ടത്തിൽ കേരള പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ പിന്തുടർച്ചയായി മുൻഗാമികൾ രൂപീകരിച്ച പ്രസ്ഥാനമാണ് പിഐസിസി. ഡോ. കെ.സി. ജോൺ പ്രസിഡന്റായും ബ്രദർ സി.വി. മാത്യു, വിജോയ് സക്കറിയ എന്നിവർ ഭാരവാഹികളായും പ്രവർത്തിക്കുന്ന ഈ സമിതിക്ക് ശക്തമായ അടിത്തറയുണ്ട്.
വിവാദങ്ങൾ ഒഴിവാക്കി, പിതാക്കന്മാർ ഇട്ട അടിസ്ഥാനത്തിൽ പടുത്തുയർത്തുന്നതാണ് ഉത്തമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലക്ഷ്യം ഒന്നായിരിക്കെ എന്തിനാണ് വീണ്ടും പുതിയ സംഘടനകൾ രൂപീകരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. വിഭവങ്ങളും ഊർജ്ജവും ചിതറിപ്പോകാതെ, ഏകീകൃതമായ ഒരു പ്ലാറ്റ്‌ഫോമിലൂടെ മുന്നേറാൻ സഭാ നേതാക്കളും കർത്തൃദാസന്മാരും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഐക്യത്തിന്റെ ഈ പാതയാണ് സമൂഹത്തിന് ഗുണകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.