ഡൽഹി : കാബൂളിലെ ആശുപത്രിക്ക് നേരെയുണ്ടായ പാക് വ്യോമാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ. ആക്രമണം ഭീരുത്വവും മനസ്സാക്ഷിയില്ലാത്തതുമായ ക്രൂരതയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും പ്രാദേശിക സമാധാനത്തിന് പാകിസ്ഥാൻ വലിയ ഭീഷണിയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഒരു സൈനിക ലക്ഷ്യവുമില്ലാത്ത സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായാണ് താലിബാൻ റിപ്പോർട്ട് ചെയ്യുന്നത്. ലഹരി വിമോചന കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന താലിബാന്റെ വാദം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. എന്നാൽ, തങ്ങൾ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും ഭീകരവാദികളുടെ കേന്ദ്രങ്ങളാണ് തകർത്തതെന്നുമാണ് പാകിസ്ഥാന്റെ വാദം. മേഖലയിലെ സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Comments are closed.