യൂറോപ് : യൂറോപ്യൻ രാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളും നിയമപരമായ വേട്ടയാടലുകളും ഭയാനകമായ രീതിയിൽ വർദ്ധിച്ചുവരുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 61-ാം സമ്മേളനത്തോടനുബന്ധിച്ചുള്ള ചർച്ചയിലാണ് അന്താരാഷ്ട്ര പ്രതിനിധികളും സഭാ നേതാക്കളും ഈ ആശങ്ക പങ്കുവെച്ചത്. 2024-ൽ മാത്രം യൂറോപ്പിൽ ക്രൈസ്തവർക്കെതിരെ 2,211 അക്രമാസക്തമായ സംഭവങ്ങൾ നടന്നതായി വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ്പ് എറ്റോർ ബാലെസ്ട്രെറോ വെളിപ്പെടുത്തി.
ശാരീരിക ആക്രമണങ്ങൾക്കും ദേവാലയങ്ങൾ നശിപ്പിക്കപ്പെടുന്നതിനും പുറമെ ബൈബിൾ വചനങ്ങൾ ഉദ്ധരിക്കുന്നവർക്കെതിരെ പോലും പല രാജ്യങ്ങളിലും ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നത് മതസ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഫ്രാൻസിൽ തത്സമയ സംപ്രേക്ഷണത്തിനിടെ അസീറിയൻ ക്രൈസ്തവനായ ഔഷുർ സർനായ കൊല്ലപ്പെട്ടതും ബൈബിൾ വചനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിന്റെ പേരിൽ ഫിന്നിഷ് എംപി പൈവി റസാനനെതിരെ നിയമനടപടികൾ നേരിടേണ്ടി വന്നതും യൂറോപ്പിലെ മാറുന്ന സാഹചര്യത്തിന്റെ ഉദാഹരണങ്ങളായി ചർച്ചയിൽ ഉയർത്തിക്കാട്ടി.

Comments are closed.