കൊച്ചി: ദ് കേരള സ്റ്റോറി – 2 എന്ന സിനിമയെ ചുറ്റിപ്പറ്റിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മതംമാറ്റ കണക്കുകൾ വീണ്ടും ചര്‍ച്ചയാകുന്നു. 2024-ലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് മതംമാറ്റ പ്രവണത മൂന്ന് പ്രധാന മതങ്ങളിലേക്കും നിലനില്‍ക്കുന്ന ചിത്രം വ്യക്തമാകുന്നു.
2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ ആകെ 365 പേര്‍ ഹിന്ദുമതം സ്വീകരിച്ചു. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് 180 പുരുഷന്‍മാരും 149 സ്ത്രീകളും ഉള്‍പ്പെടെ 329 പേരും, ഇസ്ലാം മതത്തില്‍നിന്ന് 36 പേരും ഹിന്ദുമതത്തിലേക്ക് മാറി. ഇതില്‍ 262 പേര്‍ ദലിത് ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങളില്‍നിന്നുള്ളവരാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ക്രിസ്തുമതത്തിലേക്കും 255 പേര്‍ മതംമാറ്റം നടത്തിയിട്ടുണ്ട്. ഹിന്ദു വിഭാഗത്തില്‍നിന്ന് 234 പേരും, ഇസ്ലാം മതത്തില്‍നിന്ന് 21 പേരും ചേര്‍ന്നാണ് ഈ സംഖ്യ. ഇസ്ലാം മതത്തിലേക്ക് 343 പേര്‍ എത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹിന്ദുമതത്തില്‍നിന്ന് 276 പേരും, ക്രിസ്തുമതത്തില്‍നിന്ന് 67 പേരുമാണ് ഇസ്ലാം സ്വീകരിച്ചത്.
2020-ലെ കണക്കുകളും സമാന പ്രവണതയാണ് രേഖപ്പെടുത്തുന്നത്. ആ വര്‍ഷം സംസ്ഥാന ഗസറ്റില്‍ പ്രസിദ്ധീകരിച്ച 506 മതംമാറ്റങ്ങളില്‍ 241 പേര്‍ ഹിന്ദുമതത്തിലേക്കും, 144 പേര്‍ ഇസ്ലാം മതത്തിലേക്കും, 119 പേര്‍ ക്രിസ്തുമതത്തിലേക്കും മാറിയിരുന്നു. കേരളത്തില്‍ മതംമാറ്റം മൂന്ന് പ്രധാന മതങ്ങളിലേക്കും നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാമൂഹിക-ആത്മീയ കാരണങ്ങളാല്‍ ആളുകള്‍ വ്യക്തിപരമായ വിശ്വാസ തീരുമാനം കൈക്കൊള്ളുന്നതിന്റെ പ്രതിഫലനമായാണ് ഈ പ്രവണത വിലയിരുത്തപ്പെടുന്നത്.

Comments are closed.