വത്തിക്കാൻ : പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന സാഹചര്യത്തിൽ ജറുസലേമിലെ ദയനീയ അവസ്ഥ വിവരിച്ച് വിശുദ്ധ നാട്ടിലെ സഭാ സ്കൂളുകളുടെ മേധാവി ഫാ. ഇബ്രാഹിം ഫൽത്താസ്. ഭീതിയുടെ നിഴലിൽ ശൂന്യമായ തെരുവുകളും അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങളും ജറുസലേമിനെ ശ്മശാനതുല്യമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മിസൈൽ ആക്രമണങ്ങളുടെ സൈറണുകൾ മുഴങ്ങുമ്പോൾ അധ്യാപകർ കണ്ണീരടക്കി കുട്ടികളെ സമാധാനിപ്പിക്കുകയാണ്. 2023 ഒക്ടോബർ 7-ലെ ഭീകരതയെ ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യമെന്നും കുഞ്ഞുങ്ങളുടെ മനസ്സിലുണ്ടാകുന്ന അദൃശ്യമായ മുറിവുകൾ ആഴമേറിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗാസ മുതൽ തെൽ അവീവ് വരെയും കീവ് മുതൽ ടെഹ്‌റാൻ വരെയും കുഞ്ഞുങ്ങൾ ഒരുപോലെ യുദ്ധത്തിന്റെ ഇരകളാവുകയാണ്. അന്താരാഷ്ട്ര സമൂഹം മാനവികത ഉയർത്തിപ്പിടിക്കണമെന്നും തിന്മയെ തടയാൻ സമാധാനത്തിന്റെ ശബ്ദം ഉയരണമെന്നും ഫാ. ഫൽത്താസ് ആഹ്വാനം ചെയ്തു. യുദ്ധം വിതയ്ക്കുന്ന നാശത്തേക്കാൾ വലിയ ദുരന്തം കുഞ്ഞുങ്ങളുടെ ചിരിയും ചിന്തകളും കവർന്നെടുക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.