കൊറിയ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ സുവിശേഷ പ്രസംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാൻ ദക്ഷിണ കൊറിയയിലെ സിയോളിൽ പാസ്റ്റർമാരും ദൈവശാസ്ത്ര വിദ്യാർത്ഥികളും ഒത്തുചേർന്നു. പാത്ത്വേ പ്രീച്ചിംഗ് കോൺഫറൻസിൽ സംസാരിച്ച പ്രമുഖർ, എഐ-യെ ഒരു സഹായിയായി കാണാമെങ്കിലും അത് പ്രസംഗകന്റെ സ്ഥാനത്തേക്ക് കടന്നുവരുന്നത് ആത്മീയതയ്ക്ക് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി. വചനപഠനത്തിനും ഗ്രാഫിക്സ് നിർമ്മാണത്തിനും എഐ ഉപയോഗിക്കുന്നത് ഗുണകരമാണ് എന്നാൽ പ്രസംഗങ്ങളിൽ ഉണ്ടാകേണ്ട വ്യക്തിപരമായ ആത്മീയാനുഭവങ്ങളും മനുഷ്യസഹജമായ കഷ്ടപ്പാടുകളും പകർത്താൻ യന്ത്രങ്ങൾക്ക് കഴിയില്ലെന്ന് സമ്മേളനം വിലയിരുത്തി.
പ്രസംഗം കേവലം വിവരങ്ങൾ നൽകുന്ന ഒന്നല്ല മറിച്ച് പ്രസംഗകന്റെ ജീവിതാനുഭവങ്ങളും ദൈവവുമായുള്ള കൂടിക്കാഴ്ചയും വിശ്വാസികളിൽ ചലനം സൃഷ്ടിക്കുന്ന പ്രക്രിയയാണെന്ന് ഗുഡ് ഷെപ്പേർഡ് ചർച്ച് പാസ്റ്റർ കിം ഡാ-വി പറഞ്ഞു. എഐ തയ്യാറാക്കുന്ന പ്രസംഗങ്ങളിൽ ദൈവശാസ്ത്രപരമായ കൃത്യതയുണ്ടാകുമെങ്കിലും അതിൽ മുറിവുകളോ കണ്ണുനീരോ ജീവിതഗന്ധിയായ അനുഭവങ്ങളോ ഉണ്ടാകില്ല. ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ ശാരീരിക സാന്നിധ്യവും പാരമ്പര്യ ആത്മീയ രീതികളും വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

Comments are closed.