ഇറാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വാർത്ത ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ശനിയാഴ്ച ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമേനി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ മകളും കൊച്ചുമകനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു. ടെഹ്റാനിലെ എംഗലാബ് സ്ക്വയറിൽ പതിനായിരക്കണക്കിന് ആളുകൾ കറുത്ത വസ്ത്രം ധരിച്ച് ഖമേനിയുടെ ചിത്രങ്ങളുമായി അനുശോചനം രേഖപ്പെടുത്താൻ ഒത്തുകൂടി.
അതേസമയം, ഖമേനിയുടെ വധത്തിന് കടുത്ത ഭാഷയിൽ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇസ്രായേലിലെ ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്കും ഇറാൻ മിസൈൽ വർഷം തുടരുകയാണ്. ഖമേനിക്ക് പുറമെ ഐആർജിസി തലവൻ ജനറൽ മുഹമ്മദ് പക്പൂർ ഉൾപ്പെടെയുള്ള 40 ഓളം മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടത് ഇറാന് വലിയ ആഘാതമായി. നിലവിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ജുഡീഷ്യറി തലവൻ എന്നിവരടങ്ങുന്ന താൽക്കാലിക സമിതിയാണ് രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്. വരും ദിവസങ്ങളിൽ പുതിയ പരമോന്നത നേതാവിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും ഇറാൻ അറിയിച്ചു.

Comments are closed.