ശ്രീലങ്ക : ശ്രീലങ്കൻ ജനതയെ നടുക്കിയ 2019-ലെ ഈസ്റ്റർ ചാവേർ സ്ഫോടനക്കേസിൽ മുൻ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടർ മേജർ ജനറൽ സുരേഷ് സല്ലെ അറസ്റ്റിൽ. ഭീകരവാദ നിരോധന നിയമപ്രകാരം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയത്തെത്തുടർന്നാണ് നടപടി.
അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് മുൻകൂട്ടി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും സ്ഫോടനം തടയുന്നതിൽ സല്ലെ ബോധപൂർവം വീഴ്ച വരുത്തിയോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. 260-ലധികം പേരുടെ ജീവനെടുത്ത ദുരന്തത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ നീക്കം. സ്ഫോടനത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വർഷങ്ങളായി നീതിക്കായി കാത്തിരിക്കുന്ന ഇരകളുടെ കുടുംബങ്ങൾക്ക് ഈ അറസ്റ്റ് വലിയ പ്രതീക്ഷ നൽകുന്നു. 2019 ഏപ്രിൽ 21-ന് നടന്ന ആക്രമണത്തിൽ കത്തോലിക്കാ പള്ളികളും പ്രധാന ഹോട്ടലുകളുമാണ് തകർക്കപ്പെട്ടത്. അധികാര കേന്ദ്രങ്ങളിലെ ഉന്നതർ പ്രതിക്കൂട്ടിലായതോടെ ശ്രീലങ്കൻ രാഷ്ട്രീയത്തിലും ഈ അറസ്റ്റ് വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.

Comments are closed.