Ultimate magazine theme for WordPress.

റഷ്യൻ സ്വാധീനം മറികടക്കാൻ നീക്കം; അർമേനിയയുമായി കോടിക്കണക്കിന് ഡോളറിന്റെ ആണവ കരാർ ഒപ്പിട്ട് അമേരിക്ക

 

 

അർമേനിയ : അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിന്യാനും ചേർന്നാണ് ഈ സുപ്രധാനമായ സിവിൽ ആണവ കരാറിൽ ഒപ്പിട്ടത്. കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഈ കരാർ, ഊർജ്ജ മേഖലയിൽ അർമേനിയയും അമേരിക്കയും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്ക് എത്തിക്കും. ഒരിക്കൽ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായിരുന്ന അർമേനിയയെ പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ അടുപ്പിക്കാനുള്ള വാഷിംഗ്ടണിന്റെ തന്ത്രപരമായ നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

നിലവിൽ അർമേനിയ തങ്ങളുടെ ആണവോർജ്ജ ആവശ്യങ്ങൾക്കായി റഷ്യയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ കരാറിലൂടെ അമേരിക്കൻ സാങ്കേതികവിദ്യയും സ്മോൾ മോഡുലാർ റിയാക്ടറുകളും (Small Modular Reactors) അർമേനിയയിൽ ലഭ്യമാക്കാൻ സാധിക്കും. ഇത് റഷ്യൻ കമ്പനിയായ ‘റോസാറ്റത്തി’ന് മേഖലയിലുള്ള മേധാവിത്വം കുറയ്ക്കാനും, ഊർജ്ജ സുരക്ഷയിൽ അർമേനിയയ്ക്ക് സ്വയംപര്യാപ്തത നൽകാനും സഹായിക്കും. റഷ്യയോടുള്ള അമിത ആശ്രിതത്വം ഒഴിവാക്കി ഒരു ബദൽ മാർഗ്ഗം കണ്ടെത്തുക എന്നതാണ് അർമേനിയ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആണവ സഹകരണത്തിന് പുറമെ, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കും. ഒരു സിറ്റിംഗ് യുഎസ് വൈസ് പ്രസിഡന്റ് അർമേനിയ സന്ദർശിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ദക്ഷിണ കോക്കസസ് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ പോകുന്ന ഈ കരാറിനെ റഷ്യ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

Sharjah city AG

Comments are closed.