Ultimate magazine theme for WordPress.

ദുഷ്ടനും നീതിമാനും പിന്നെ ദൈവവും

സങ്കീർത്തനം 37: 11 മുതൽ 20 വരെ

പാസ്റ്റർ പ്രവീൺ പ്രചോദന

അവകാശം പറയാൻ ആരും വരില്ല, പാട്ടത്തിനല്ല, വാടകക്കുമല്ല. സ്വന്തമായുള്ളതിനെയാണ് അവകാശം എന്നു പറയുന്നത്. പകരം കൊടുക്കാൻ ആകാത്തവിധം എന്തെങ്കിലും ലഭിക്കുന്നെങ്കിൽ അഹങ്കരിക്കാനില്ല. എല്ലാം ദൈവീക ദാനമാണ്. എന്നു കരുതി അതു പ്രാപ്തമാക്കാൻ എളുപ്പമല്ല. ദൈവാശ്രയവും വിശ്വസ്ഥതയും ദൈവത്തിൽ തൃപ്തിപ്പെടുവാനും തികഞ്ഞതും ഉറപ്പുള്ളതുമായ പ്രത്യാശ എന്നിവയുടെ പൂർണ്ണത ദൈവത്തിനിഷ്ടമായാൽ കൈവശമാക്കാൻ കഴിയുന്നതാണ് ഭൂമി.

പർവ്വതപ്രസംഗത്തിൽ യേശു പറഞ്ഞിരിക്കുന്ന ഭാഗ്യപദവികൾ ഇഴുകിച്ചേരുന്ന നിഴലുകൾ ഇവിടെ പ്രതിഫലിക്കുന്നു. “സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ അവർ ഭൂമിയെ കൈവശമാക്കും.(വാക്യം 11cf മത്തായി 5:5)” സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കുമെന്ന പ്രതിപാദ്യത്തെ യേശുവിന്റെ വാക്കുകളിൽ സമ്പുഷ്ടമാകുകയാണ്. “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.”

ഇരുധ്രുവങ്ങൾ തമ്മിലുള്ള ഒരു വടംവലിയാണല്ലോ ക്രിസ്തീയ ജീവിതം. നീതിമാൻമാരുടെ അവകാശവും അവർക്കുള്ള സമൃദ്ധിയുമൊക്കെ കാണുമ്പോൾ ദുഷ്ടൻ പല്ലുരുമ്മുന്നുണ്ടെങ്കിൽ അതിശയിക്കേണ്ടതില്ലല്ലോ ; അവർ ദോഷം നിരൂപണം നടത്തുമെന്നതും തർക്കമറ്റതാണ്. എന്നാൽ ഇതെല്ലാം ദുഷ്ടനു തന്നെ കെണിയാകുന്നുവെങ്കിലോ? അതെന്താ അങ്ങനെ ഒരു ചോദ്യം എന്നല്ലേ! ദൈവം നീതിമാനായും നീതിമാന്മാർക്കും വേണ്ടി നിലകൊള്ളുമ്പോൾ ദുഷ്ടന്റെ ചെയ്തികളെല്ലാം ദൈവത്തെയത്രെ ആരംഭമായി ബാധിക്കുന്നത്. പിന്നെ നമുക്ക് പേടിക്കേണ്ടതില്ല. ദൈവം ചിരിച്ചുകൊണ്ട് നേരിടുന്ന ചിത്രം ഇവിടെ തെളിയുന്നു. ദൈവമേ, ഇതെല്ലാം കണ്ടിട്ട് നിനക്ക് എങ്ങനെ ചിരിച്ചുകൊണ്ടിരിക്കാൻ തോന്നുന്നു എന്നു നമ്മൾ ചിന്തിക്കുന്നുവെങ്കിൽ സ്വാഭാവികം. എന്നാൽ എളിയവന്റെയും ദരിദ്രനെയും സന്മാർഗ്ഗികളെയും ഇല്ലായ്മ ചെയ്യുവാൻ വാളും വില്ലും എടുക്കുമ്പോൾ അതു തിരികെ ദുഷ്ടന്റെ നെഞ്ചു പിളർത്തി ഹൃദയത്തിൽ തുളച്ചുകയറും. വില്ലുകൾ ഒടിഞ്ഞുപോകും. അതിലും വലുത് ദുഷ്ടൻ പാടെ നശിച്ചുപോകുമെന്നതാണ്. ഭുജം ഒടിഞ്ഞു പുൽപ്പുറം കരിഞ്ഞു ചാരം ആകുന്നതുപോലെയും ക്ഷയിച്ചു ഒരു പുകപോലെ ആയിത്തീരുന്നുവെങ്കിൽ ദൈവത്തിന്റെ ആ അൽപ്പം ചിരി നീതിമാനു ഗുണമായും, തൃപ്തികരവുമല്ലേ!

ദൈവത്തിന്റെ ചിരി ആണോ ഇത്രയും പ്രബലമായി ദുഷ്ടൻ ദൈവത്തിനും അനുയായികൾക്കും എതിരെ എഴുന്നേൽക്കുമ്പോൾ എന്നു തോന്നുന്നെങ്കിൽ ഒരു കാത്തിരിപ്പിനു സമയം എടുക്കണം. അതെന്തിനെന്നല്ലേ, പറയാം എന്തൊക്കെ സമൃദ്ധി ദുഷ്ടന്മാർക്കുണ്ടെങ്കിലും ഒരു നീതിമാനു ലഭിക്കുന്ന ദൈവത്തിങ്കൽ നിന്നുള്ള ഒരു ചെറു പുഞ്ചിരി മതി. അത്‌ ദൈവം എന്നെ അറിയുന്നു, താങ്ങുന്നു എന്നതിനും ദുഷ്ക്കാലമായാലും ക്ഷാമകാലമായാലും തൃപ്തികരമാണെന്നും അനുഭവിച്ചറിയേണ്ട സത്യവും ശാശ്വതവുമായ ദൈവപ്രവർത്തികൾക്കു അടിവരയിടുന്നു.

പ്രീയരെ, ശത്രുവിനു നേരെയുള്ള ദൈവത്തിന്റെ ചിരി ശത്രുവിന്റെ നാശത്തിന് വഴിയൊരുക്കുമ്പോൾ, നീതിമാനു (ദൈവജനത്തിന് ) അതു ശാശ്വതമായ അവകാശങ്ങളിലേക്ക് വഴി തുറക്കുകയാണ്. “അൽപ്പം മതി, അല്ല ഒന്നു മതി; ദൈവം ചിരിക്കട്ടെ.

(തുടരും….)

Sharjah city AG

Comments are closed.