Ultimate magazine theme for WordPress.

പെന്തെക്കോസ്തുകാർക്കെതിരെയുള്ള ശ്രീ.വെള്ളാപ്പള്ളിയുടെ പ്രസ്താവന  തിരുത്തണം പി സി ഐ കേരളാ സ്റ്റേറ്റ്

പെന്തെക്കോസ്തുകാർ പണം നൽകി ആളുകളെ വ്യാപകമായി മതം മാറ്റുന്നു എന്ന സത്യവിരുദ്ധമായ പ്രസ്താവന വെള്ളാപ്പള്ളി നടേശൻ തിരുത്തണമെന്ന് പി സി ഐ കേരളാ സ്റ്റേറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശ്രീ. വെള്ളാപ്പള്ളിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. മദ്യത്തിനും ലഹരിക്കും എതിരെയുള്ള പ്രവർത്തനങ്ങൾ ഉൾപ്പടെ സമൂഹ നന്മ ലക്ഷ്യമിട്ടുകൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് പെന്തെക്കോസ്ത് സമൂഹം ചെയ്തുവരുന്നത്.

 

പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വരുന്ന ഏതൊരു വ്യക്തിയ്ക്കും ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊണ്ടു മാത്രമേ അംഗത്വം നല്കുന്നുള്ളൂ എന്നും ആരെയും നിർബന്ധമായോ പണം നൽകിയോ സഭയിലേക്ക് ചേർക്കുന്ന രീതി ഒരുകാലത്തും പെന്തെക്കോസ്ത് സഭയുടെ നയമല്ല എന്നും പ്രമേയം വിലയിരുത്തി. വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലും ആശയപരമായ ബോധ്യങ്ങൾ ഉൾക്കൊണ്ടും വരുന്നവർക്ക് അവരുടെതന്നെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പെന്തെക്കോസ്ത് സഭകളിൽ അംഗത്വം നൽകി വരുന്നത്.

 

വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തിലും കൃത്യമായ പ്രത്യയശാസ്ത്രത്തിൽ അധിഷ്‌ടിതമായും നിലകൊള്ളുന്ന പെന്തെക്കോസ്ത് സഭകളിൽ ആർക്കും എങ്ങനെയും അംഗമാകാൻ സാധ്യമല്ലെന്നും മറിച്ചുള്ള പ്രസ്താവനകൾ വാസ്തവ വിരുദ്ധമാണെന്നും അത് തിരുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

 

പിസിഐ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ അനീഷ് കൊല്ലംകോട് പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, പാസ്റ്റർമാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, രാജീവ് ജോൺ, സതീഷ് നെൽസൺ, പി കെ യേശുദാസ്, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, അനീഷ് ഐപ്പ്, ബ്രദർ എബ്രഹാം ഉമ്മൻ , ആർ സി കുഞ്ഞുമോൻ, രതീഷ് ഏലപ്പാറ, ബിജു ജോസഫ്, ഷിബു മന്ന എന്നിവർ പ്രസംഗിച്ചു.

Sharjah city AG