ടെഹ്റാൻ: ഗൾഫ് മേഖലയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്നും യുദ്ധം മേഖലയാകെ വ്യാപിച്ചാൽ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെസ്കിയാൻ. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ സംഘർഷങ്ങളും സൃഷ്ടിക്കുന്നത് ഇസ്രയേലാണ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ അന്താരാഷ്ട്ര സമൂഹം മൗനം പുലർത്തുകയാണ്’ -അദ്ദേഹം പറഞ്ഞു. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇറാൻ ഭാഗമാകുമോയെന്ന ചോദ്യത്തിന്പെസെസ്കിയാൻ വ്യക്തമായ മറുപടി നൽകിയില്ല.
അതേസമയം, ഹിസ്ബുള്ളയെ ലക്ഷ്യമിട്ടെന്ന പേരിൽ ലബനാനിലെ ജനവാസ കേന്ദ്രങ്ങളിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർ 492ലേറെയായി. 1,645 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 35 പേർ കുട്ടികളും 58 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേലിന് തിരിച്ചടിയായി ഗലീലി, ഹൈഫ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
