Ultimate magazine theme for WordPress.

വ്യാജരേഖ ചമച്ച് എംബിബിഎസ് പ്രവേശനം;സഭാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ ശുപാർശ

കാരക്കോണം: സിഎസ്ഐ സോമർവെൽ മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് വ്യാജരേഖ ചമച്ച് വിദ്യാർത്ഥിനിക്ക് അഡ്മിഷൻ തരപ്പെടുത്തിയതിൽ മുൻ സഭാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ ഡിജിപിയുടെ ശുപാർശ.

2021-22 അധ്യയനവർഷത്തിൽ എൻആർഐ ക്വോട്ടയിൽ പ്രവേശനം നേടിയ തനൂജ പി.എസ്. എന്ന വിദ്യാർത്ഥിയുടെ രേഖകളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്. ഈ കുട്ടി മകളാണെന്ന് കാണിച്ച് തൻ്റെ ഭാര്യയുടെ അനുജത്തിയെ സ്പോൺസറാക്കിയാണ് എൻആർഐ ക്വോട്ടയിൽ പ്രവേശനത്തിന് സഭാ സെക്രട്ടറിയായിരിക്കെ പ്രവീൺ വഴിയൊരുക്കിയത്. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശികളായ ഷിജു-മഞ്ജു ദമ്പതികൾക്ക് 2003 ഓഗസ്റ്റിൽ ജനിച്ച തനൂജയെ മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം 2009ൽ പ്രവീൺ തൻ്റെ സംരക്ഷണത്തിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മകളെന്ന് വരുത്തി തീർക്കാൻ വ്യാജരേഖകൾ ഉണ്ടാക്കിയത്. ഈ രേഖകളുടെ അടിസ്ഥാനത്തിൽ തൻ്റെ ഭാര്യയുടെ അനുജത്തി കാനഡയിലുള്ള ബി.ജെ.മിനിയെ സ്പോൺസറാക്കിയാണ് പ്രവേശനം നേടിയത്. രക്തബന്ധുക്കളായ പ്രവാസികൾക്കാണ് എൻആർഐ ക്വോട്ടയിൽ പ്രവേശനത്തിന് സ്പോൺസറാകാൻ കഴിയുന്നത്.

ഈ ഇടപാടുകൾക്കെല്ലാമുള്ള വ്യാജരേഖകൾ ഉണ്ടാക്കിയതിൽ വിശദമായ അന്വേഷണമാണ് ഡിജിപിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയത്. മഞ്ജുവിൻ്റെ മകൾ തനുജ തൻ്റെയും ഭാര്യ സി.ജെ.സിനിയുടേയും മകളാണെന്ന് കാണിച്ച് തമിഴ്നാട്ടിലെ കുഴിത്തറ ആർബിട്രേഷൻ കോടതിയിൽ പ്രവീൺ ഫയൽ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് സമ്പാദിച്ച് ദേവികോട്ട് ബെർത്ത് ആൻ്റ് ഡെത്ത് രജിസ്ട്രാർ ഓഫീസിൽ നിന്ന് ജനന സർട്ടിഫിക്കറ്റും നേടി. പിന്നീട് എല്ലാ സർക്കാർ രേഖകളിലും കുട്ടിയുടെ മാതാപിതാക്കൾ പ്രവീണും ഭാര്യ സിനിയുമാണെന്ന് ചേർക്കുകയും ചെയ്തു. 2003 ഓഗസ്റ്റിൽ കാരക്കോണം സിഎസ്ഐ ആശുപത്രിയിൽ വെച്ച് തനൂജയെ പ്രസവിച്ചത് മഞ്ചുവാണെന്ന് തെളിയിക്കുന്ന ആശുപത്രി രേഖകളും പോലീസ് കണ്ടെത്തി.

ഇങ്ങനെ വ്യാജരേഖകൾ ചമച്ച് എൻ ആർഐ ക്വോട്ടയിൽ പ്രവേശനം നേടിയതിൽ നടപടിക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മറ്റിക്ക് ശുപാർശ നൽകാമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിജിപി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കോടതിയേയും ജനന- മരണ രജിസ്ട്രാർ ഓഫീസിനേയും വ്യാജ രേഖ ചമച്ച് കബളിപ്പിച്ച വിവരം തമിഴ്നാട് പോലീസിനെ അറിയിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. ഡിജിപിയുടെ ഈ റിപ്പോർട്ടിൻ്റെ കോപ്പി സഹിതം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഈ വർഷം ജൂൺ 27ന് ഫീ റെഗുലേറ്ററി കമ്മറ്റിയെ അറിയിച്ചിട്ടുമുണ്ട്. സിപിഎം നേതാവും മുൻ മന്ത്രിയുമായ വി.ജെ.തങ്കപ്പൻ്റെ മകൻ വി.ടി.മോഹനൻ നല്കിയ പരാതിയിലാണ് ഈ അന്വേഷണങ്ങൾ നടന്നത്.

പ്രവേശനത്തിന് വിദ്യാർഥികളെ സഹായിക്കാൻ വ്യാജ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ചമച്ചെന്ന പരാതിയിൽ സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ മൂന്നാം പ്രതിയാക്കി നെയ്യാറ്റിൻകര പൊലീസ് 2019ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഷപ്പ് നൽകിയ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് പ്രവേശനം നേടിയ 11 എംബിബിഎസ് വിദ്യാർഥികളുടെ കോളജിലെ പ്രവേശനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു

Sharjah city AG
Leave A Reply

Your email address will not be published.