ഷിംല : ഞായറാഴ്ച മാണ്ഡി, ഷിംല ജില്ലകളിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തതോടെ ഹിമാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 കടന്നു. ദുരന്തത്തിൽ 55 പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. പ്രദേശത്തേക്കുള്ള റോഡ് തകർന്നതിനാൽ രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. കുളു, സോളൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ഹിമാചൽ പ്രദേശ് പോലീസ് ഡയറക്ടർ ജനറൽ അതുൽ വർമ പറഞ്ഞു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി, സിഐഎസ്എഫ്, ഹിമാചൽ പ്രദേശ് പൊലീസ്, ഹോം ഗാർഡുകൾ എന്നിവയിൽ നിന്നുള്ള 410 ഓളം രക്ഷാപ്രവർത്തകർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. വെള്ളത്തിൻ്റെ ഒഴുക്ക് കുറഞ്ഞതിനാൽ കാണാതായവരെ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ യന്ത്രങ്ങൾ എത്തിയതായി ഉപപ്രധാന് സർപാര സി എൽ നേഗി അറിയിച്ചു. രാംപൂർ സബ്ഡിവിഷനിലെ സർപാര ഗ്രാമപഞ്ചായത്തിലെ സമേജ് ഗ്രാമത്തിൽ മുപ്പതിലധികം പേരെ കാണാതായി. രക്ഷാപ്രവർത്തനം തുടരുമ്പോഴും ഷിംല, കുളു അതിർത്തിയിലെ സമേജ്, ധാരാ സർദ, കുശ്വ എന്നിവിടങ്ങളിൽ വൈദ്യുതി ഇല്ലെന്ന് നാട്ടുകാർ അവകാശപ്പെട്ടു. കൂടുതൽ യന്ത്രങ്ങളും സ്‌നിഫർ ഡോഗ് സ്‌ക്വാഡുകളും ഡ്രോണുകളും മറ്റ് ഉപകരണങ്ങളും വിന്യസിച്ച് രക്ഷാപ്രവർത്തകർ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്
കുളു-മണാലി ഹൈവേ ഗതാഗതത്തിനായി ഓഗസ്റ്റ് 4 ന് ഒരു വഴി തുറന്നു. 87 റോഡുകളാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ അടച്ചിരിക്കുന്നത്. ഇതിൽ 30 എണ്ണം കുളുവിലും 25 എണ്ണം മണ്ഡിയിലും 14 എണ്ണം ലാഹോളിലും സ്പിതിയിലും 5 എണ്ണം ഷിംലയിലും 7 എണ്ണം കംഗ്രയിലും 2 എണ്ണം കിന്നൌറിലുമാണ്. അടച്ചിട്ട റോഡുകൾ വീണ്ടും തുറക്കുന്നതിലും നിർണ്ണായകമായ പാലം പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രദേശങ്ങളിൽ 700 കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചുണ്ടെന്ന് അധികൃതർ അറിയിച്ചു. ദുരിതബാധിതർക്ക് 50,000 രൂപ അടിയന്തര സഹായവും ഗ്യാസ്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്‌ക്കൊപ്പം അടുത്ത മൂന്ന് മാസത്തേക്ക് 5,000 രൂപ പ്രതിമാസ വാടകയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മേഘവിസ്ഫോടനത്തെ തുടർന്ന് മലാനയിലെ പൻഡോഹ് ഡാം തകർന്നതാണ് ഇത്ര വലിയ ദുരന്തത്തിലേക്ക് നയിച്ചത്.
